Crime

മുറൈമാമന് വിവാഹം കഴിക്കണം; വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു

തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ മാതാവിന്റെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുറൈമാമന്‍ സമ്പ്രദായത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരയായത് തിരുപ്പൂത്തൂര്‍ ജില്ലക്കാരിയായ ജീവിതയാണ്. നട്രംപള്ളിയിലെ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍.

ഒക്‌ടോബര്‍ 14 ന് നടന്ന സംഭവത്തില്‍ ചരണ്‍രാജ് എന്നയാളാണ് അറസ്റ്റിലായത്. ചരണ്‍രാജ് ജീവിതയുടെ അമ്മാവനാണ്. മുറൈമാമന്‍ സമ്പ്രദായപ്രകാരം അമ്മയുടെ ആങ്ങളയുമായുള്ള വിവാഹബന്ധം തമിഴ്‌നാട്ടിലെ ചില സമുദായങ്ങള്‍ക്കിടയില്‍ പതിവാണ്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ചരണ്‍രാജ് ജീവിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ അമ്മാവനെ വിവാഹം കഴിക്കാന ജീവിതയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഇക്കാര്യം ജീവിത പറഞ്ഞതിനെ തുടര്‍ന്ന് ഇരയുടെ വീട്ടിലെത്തിയ ചരണ്‍രാജ് അവളെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.

കൃത്യം നടത്തിയ ശേഷം ചായക്കടയില്‍ അഭയം പ്രാപിച്ച ചരണ്‍രാജിനെ നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ പോലീസ് എത്തി പിടികൂടുകയായിരുന്നു. മരുമകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പ്രതി വിഷം കഴിച്ചെന്നും ഇപ്പോള്‍ കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നട്രംപള്ളി പോലീസ് പറഞ്ഞു.

മുമ്പ് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ ജീവിതയുടെ അമ്മയും സഹോദരനുമായുള്ള മകളുടെ വിവാഹത്തെ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.