ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകനുമായി അഗാധപ്രണയത്തില്‍ അകപ്പെട്ട 67 കാരിക്ക് തട്ടിപ്പിന് ഇരയായി നഷ്ടമായത് 4.4 കോടി രൂപ. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുള്ള സ്ത്രീ ഏഴ് വര്‍ഷമായി പങ്കാളിയെ നേരിട്ട് കാണാതെ പ്രണയിക്കുകയും 2.2 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏകദേശം 4.4 കോടി രൂപ) അവര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടമാകുകയും ചെയ്തു.
2017 ഒക്ടോബറിലാണ് തട്ടിപ്പിന്റെ തുടക്കം. ഇര തട്ടിപ്പുകാരനുമായി ഫെയ്സ്ബുക്കില്‍ ബന്ധപ്പെട്ടതോടെയാണ് പ്രണയം ആരംഭിച്ചത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്ന ഒരു അമേരിക്കന്‍ വ്യവസായിയായി വേഷമിട്ട ആ മനുഷ്യന് അവരുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഒരു മാസത്തോളം അവരുമായി ആശയവിനിമയം നടത്തിയതോടെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി. മലേഷ്യയിലേക്ക് തനിക്ക് താമസം മാറ്റുണമെന്നും, എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും യാത്രാച്ചെലവുകള്‍ക്ക് സഹായം വേണമെന്ന് കാമുകിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ 5,000 റിംഗിറ്റ് കാമുകി ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
പിന്നീട് പരിചയം കൂടുന്തോറും പണം തട്ടിയെടുക്കാന്‍ സാമൂഹ്യമാധ്യമത്തില്‍ മറഞ്ഞിരുന്നയാള്‍ പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. വ്യക്തിപരം, ബിസിനസ് സംബന്ധിയായ കാര്യങ്ങള്‍ തുടങ്ങി അനേകം കാരണങ്ങള്‍ പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ചു. ഇതിനിടയില്‍ 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 306 ബാങ്ക് ട്രാന്‍സ്ഫറുകളാണ് നടന്നത്. മൊത്തത്തില്‍ 2,210,692.60 മലേഷ്യന്‍ റിംഗിറ്റുകള് ട്രാന്‍സ്ഫര്‍ ചെയ്തു. അജ്ഞാതകാമുകന് കാമുകി സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുംവരെ കടമെടുത്തു വരെ പണം നല്കി.
തട്ടിപ്പ് നടത്തിയയാളെ ഇര നേരിട്ടോ വീഡിയോ കോളിലൂടെയോ ഒരിക്കലും കണ്ടിട്ടില്ല. ആശയവിനിമയം വോയ്സ് കോളുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. നേരിട്ടുള്ള ആശയവിനിമയം ഒഴിവാക്കാന്‍ തട്ടിപ്പുകാരന് പലവിധത്തിലുള്ള ഒഴിവ്കഴിവുകള്‍ കണ്ടെത്തി. നവംബറില്‍ താന്‍ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കാന്‍ സഹായിച്ച സുഹൃത്തിനോട് ഇര വിവരം പറഞ്ഞപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഓണ്‍ലൈന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്നവയില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.