Featured Good News

പരിസ്ഥിതി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കി സ്റ്റാർട്ടപ്പ് കമ്പനി!

വെണ്ണയുടെ സ്വാദ് ആര്‍ക്കും പ്രത്യേകമായി പറഞ്ഞു തരേണ്ടതില്ലലോ. ഇപ്പോഴിതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നതിനുള്ള ഒരു സവിശേഷ രീതി വികസിപ്പിച്ചെടുത്തു. ഈ പ്രക്രിയയില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. എന്നിട്ടും പാലുല്‍പ്പന്ന രഹിതമായ ഈ ഉത്പന്നം വളരെ സ്വാദിഷ്ടമാണെന്നാണ് അവരുടെ അവകാശവാദം.

ബിൽ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നത്. ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയ്ക്ക് പകരം ഡയറി രഹിത കണ്ടെത്തലുകള്‍ പരീക്ഷിച്ചുവരികയാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയില്‍ നിന്ന് കൊഴുപ്പ് നിര്‍മിക്കുന്നതിനായുള്ള ഒരു തെര്‍മോകെമിക്കല്‍ പ്രക്രിയ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. സാവര്‍ എന്ന കമ്പനിയാണ് ഈ കൗതുകകരമായ നിര്‍മ്മാണം അവതരിപ്പിച്ചത്.

വാഹനങ്ങളും ഫാക്ടറികളും മറ്റും പുറംതള്ളുന്ന അമിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡുമൂലം അതിഗുരുതരമായ പാരിസ്ഥിതിക ആഘാതമാണ് ലോകം നേരിടുന്നത്. ഇത് ലഘൂകരിക്കുന്നതിന് ലോകം മല്ലിടുമ്പോഴാണ് സാവർ എന്ന കമ്പനി ഈ കൗതുകകരമായ പരിഹാരം അവതരിപ്പിക്കുന്നത്.

ഈ രീതിയില്‍ വെണ്ണയുണ്ടാക്കുമ്പോള്‍ മൃഗങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും മൃഗങ്ങൾ, കൃഷിയിടങ്ങൾ, വളങ്ങൾ, ഹോർമോണുകൾ, അല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ എന്നിവ കൂടാതെ വെണ്ണ ഉണ്ടാക്കുകയും ചെയ്യാമെന്ന് സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നു.

കമ്പനി നിലവിൽ പ്രീ-കൊമേഴ്‌സ്യൽ ആണെന്നും വെണ്ണ വിൽക്കുന്നതിന് മുമ്പ് റെഗുലേറ്ററി അംഗീകാര പ്രക്രിയകൾ ചെയ്യേണ്ടതുണ്ടെന്നും സാവോറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാത്‌ലീൻ അലക്‌സാണ്ടർ സൂചിപ്പിച്ചു.

ഈ സംരംഭത്തിന് വേണ്ടി വാദിച്ച ബിൽ ഗേറ്റ്സ് ഒരു ഓൺലൈൻ ബ്ലോഗിലൂടെ പറഞ്ഞത്, “ലാബ് നിർമ്മിത കൊഴുപ്പുകളിലേക്കും എണ്ണകളിലേക്കും മാറുന്ന ആശയം ആദ്യം വിചിത്രമായി തോന്നിയേക്കാം. എന്നാൽ നമ്മുടെ അന്തരീക്ഷത്തിലെ കാർബൺ ഗണ്യമായി കുറയ്ക്കാനുള്ള അവരുടെ കഴിവ് വളരെ വലുതാണ്. തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേയ്ക്ക് ഞങ്ങൾ ഒരു പടി കൂടി അടുത്തു.’’

“ഓരോ വർഷവും, ലോകം 51 ബില്യൺ ടൺ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നു – മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള കൊഴുപ്പുകളുടെയും എണ്ണകളുടെയും ഉത്പാദനം പുറംതള്ളുന്നത് ഇതിന്റെ ഏഴ് ശതമാനം വരും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന്, ഈ സംഖ്യ പൂജ്യത്തിലെത്തിക്കേണ്ടതുണ്ട്,” ബിൽ ഗേറ്റ്സ് ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു.