അപരിചിതരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കുകയും അവരെ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി പണവും പണ്ടവും അപഹരിച്ചിരുന്ന സീരിയല്‍ കില്ലര്‍മാരായ മൂന്ന് സ്ത്രീകളെ ആന്ധ്രാപോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളടക്കം നാലുപേരെയാണ് ഇവര്‍ ഇതുവരെ കൊലപ്പെടുത്തിയത്. മറ്റു രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ തെനാലി ജില്ലയില്‍ വെച്ച് മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂണില്‍ നാഗൂര്‍ ബി എന്ന സ്ത്രീയെ ‘സീരിയല്‍ കില്ലര്‍മാര്‍’ കൊലപ്പെടുത്തിയതോടെയാണ് കൊലപാതകങ്ങള്‍ തുടക്കമായത്്. സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ കഴിച്ച് താമസിയാതെ ഇരകള്‍ മരിക്കുമ്പോള്‍ സ്ത്രീകള്‍ മോഷണം നടത്തും. ഇവരുടെ പക്കല്‍ നിന്ന് സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യുവതികള്‍ കുറ്റം സമ്മതിച്ചതായി തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ പറഞ്ഞു. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി എളുപ്പത്തില്‍ ചങ്ങാത്തം കൂടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. മഡിയാല വെങ്കിടേശ്വരി കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ മുന്‍ റെക്കോഡ് ഉള്ളയാളാണ്. 32 കാരിയായ യുവതി തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോയി അവിടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത പരിചയമുണ്ട്.
