സുരക്ഷയ്ക്ക് പേരുകേട്ട ബ്രാന്‍ഡായ വോള്‍വോയുടെ XC60 സ്വന്തമാക്കി നടനും, സംവിധായകനും കൂടിയായ മേജര്‍ രവി. കൊച്ചിയിലെ വോള്‍വോ ഡീലര്‍ഷിപ്പില്‍ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തത്. ഓഗസ്റ്റ് മാസത്തിലാണ് ആഡംബര എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും മേജര്‍ രവി സ്വന്തമാക്കിയ XC60 ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ഡയഗണല്‍-സ്ലാറ്റ് ഗ്രില്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള കോസ്‌മെറ്റിക് നവീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടെയില്‍-ലാമ്പുകളില്‍ സ്‌മോക്ക്ഡ് ഇഫക്റ്റ് കൊടുത്തിരിക്കുന്നത് എസ്യുവിയുടെ ലുക്ക് വോള്‍വോയുടെ XC90 ഫ്‌ലാഗ്ഷിപ്പിന് സമാനമായ ലുക്കാണ് സമ്മാനിക്കുന്നത്.
ക്രിസ്റ്റല്‍ വൈറ്റ്, വേപ്പര്‍ ഗ്രേ, ഫോറസ്റ്റ് ലേക്ക്, മള്‍ബറി റെഡ്, ഒനിക്‌സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്‌ക് എന്നീ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും XC60 ഫെയ്സ്ലിഫ്റ്റിനുണ്ട്. ഇതില്‍ ക്രിസ്റ്റല്‍ വൈറ്റാണ് മേജര്‍ രവി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്താകമാനം 2.7 മില്യണ്‍ യൂണിറ്റുകള്‍ വിറ്റു പോയ മോഡലാണ് XC60. 11.2 ഇഞ്ച് പോര്‍ട്രെയിറ്റ്-ഓറിയന്റഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വോള്‍വോയില്‍ വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, കൂടുതല്‍ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോള്‍വോയുടെ ഏറ്റവും പുതിയ ADAS സാങ്കേതികവിദ്യ എന്നിവയും ക്യാബിനില്‍ ഉണ്ടാകും. 71.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ കോക്ക്പിറ്റ് പ്ലാറ്റ്ഫോം നല്‍കുന്ന വലിയ 11.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എസ്യുവിയുടെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്. ഈ സജ്ജീകരണത്തില്‍ 2 മടങ്ങ് വേഗതയുള്ള പ്രോസസിംഗ് സ്പീഡ്, 10 മടങ്ങ് മികച്ച ഗ്രാഫിക്സ്, പിക്സല്‍ സാന്ദ്രതയില്‍ 21 ശതമാനം മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാമുണ്ടെന്ന് വോള്‍വോ പറയുന്നു. തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി ഗൂഗിള്‍ ബില്‍റ്റ്-ഇന്‍ സേവനങ്ങളും സംയോജിപ്പിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്റ്റുഡിയോ, കണ്‍സേര്‍ട്ട് ഹാള്‍, ജാസ് ക്ലബ് മോഡുകളുള്ള 15 സ്പീക്കര്‍ 1,410W ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് സൗണ്ട് സിസ്റ്റം, ഫ്രണ്ട് സീറ്റുകള്‍ക്കായി 10-പോയിന്റ് മസാജ് ഫംഗ്ഷന്‍, PM2.5 എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് വോള്‍വോ XC60 മോഡലിന്റെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകള്‍.




