Featured Movie News

വിജയ് സേതുപതിയുടെ അമ്പതാം ചിത്രം, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവിട്ട് മക്കള്‍സെല്‍വന്‍

ലോകം മുഴുവന്‍ പണംവാരി മുന്നേറുന്ന ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം കിട്ടുന്ന വാര്‍ത്തകളാണ് തമിഴ്‌സിനിമാ വേദിയില്‍ നിന്നും കേള്‍ക്കുന്നത്. നായകനൊപ്പം തത്തുല്യ പ്രാധാന്യമുള്ള തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ വരുന്നു.

ഇത് താരത്തിന്റെ അമ്പതാം ചിത്രം കൂടിയാണ്. തന്റെ അമ്പതാം ചിത്രമായ ‘മഹാരാജ’യിലൂടെ ആരാധകരുടെ ഇഷ്ടപ്പെട്ട വേഷത്തിലൂടെ മടങ്ങിവരവ് ആഘോഷിക്കാനാണ് തീരുമാനം. സെപ്തംബര്‍ 10 ന് പുറത്തുവന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടിന്‍സല്‍ ടൗണില്‍ ചര്‍ച്ചാവിഷയമാണ്. പോലീസുകാരാല്‍ ചുറ്റപ്പെട്ട് മര്‍ദനമേറ്റ് രക്തം പുരണ്ട വാളുമായി സിംഹാസനത്തില്‍ ഇരിക്കുന്ന നിലയിലാണ് ചിത്രം. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ താരത്തിന് ആരാധകര്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

‘കുറമ്പു ബൊമ്മൈ’ ഫെയിം നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ദി റൂട്ടിനൊപ്പം സുധന്‍ നിര്‍മ്മിക്കുന്നു. 2024 ന്റെ തുടക്കത്തില്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ബി. അജനീഷ് ലോക്നാഥ് സംഗീതം നല്‍കിയ ചിത്രത്തില്‍ ഹിന്ദിസംവിധായകന്‍ അനുരാഗ് കശ്യപ് വില്ലനാകുമെന്നാണ് സൂചനകള്‍. വിജയ് സേതുപതിക്ക് പുറമേ അഭിരാമി, മംമ്ത മോഹന്‍ദാസ്, അരുള്‍ ദോസ്, സിങ്കം പുലി, നട്ടി നടരാജ്, എന്നിവര്‍ അഭിനയിക്കുന്നു.