Crime

ഡേറ്റിങ് ആപ്പിലൂടെ വല വിരിച്ച് സുന്ദരികള്‍; പബുകളിലെത്തിച്ച് മദ്യവും ഭക്ഷണവും വാങ്ങിപ്പിക്കും; ഇരകള്‍ക്ക് നഷ്ടമായത് 30 ലക്ഷം

ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഡേറ്റിങ് ആപ്പുകളാണ്. എന്നാല്‍ അത്തരത്തിലുള്ള ഡെറ്റിങ് ആപ്പിലെത്തുന്നവര്‍ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കയ്യിലെ കാശ് മുഴുവന്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരബാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യം ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകൾക്കും കോളുകൾക്കും ശേഷം നേരിട്ട് കാണുന്നതിനായി ഹൈദരാബാദ് മദാപൂരില മെട്രോ സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടും.പിന്നാലെ സ്റ്റേഷന് സമീപത്തുള്ള പബില്‍ ഡിന്നറിന് ക്ഷണിക്കും. വിലയേറിയ ഭക്ഷണവും മദ്യവും ഓര്‍ഡര്‍ ചെയ്യും. മണിക്കൂറുകളില്‍ 25000 മുതല്‍ 50000 രൂപ വരെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മാനഹാനിയെ ഭയന്ന് പലരും ഇത് പുറത്ത് പറയാറില്ല. കേസില്‍ കുറച്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പബില്‍ അമിത വിലയാണ് ഈടാക്കിക്കുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ വിലയ്ക്കുശേഷം കിട്ടുന്ന പണം പെണ്‍കുട്ടികളടങ്ങുന്ന സംഘം തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്.ഏകദേശം 30 ലക്ഷം രൂപയാണ് 60ല്‍ പരം പേരില്‍ നിന്നായി നഷ്ടമായത്.