ഉറുഗ്വേയുടെ ഇതിഹാസ ഫുട്‌ബോളറും ബാഴ്‌സിലോണയില്‍ മെസ്സിയുടെ മുന്നേറ്റ പങ്കാളിയുമായിരുന്ന ലൂയിസ് സുവാരസ് ലിയോണേല്‍ മെസ്സിയുടെ ഇന്റര്‍മയാമിയുടെ ഭാഗമാകുമോ? അമേരിക്കന്‍ ക്ലബ്ബിന്റെ ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്ന മില്യണ്‍ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നാണിത്.
വെനസ്വേലയന്‍ താരം ജോസഫ് മാര്‍ട്ടീനസ് ഇന്റര്‍ മയാമി വിടുകയാണെന്ന് ഉറപ്പാക്കിയത് മുതലാണ് ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് ബാഴ്‌സിലോണ മുന്നേറ്റത്തിന്റെ കുന്തമുനകളായ മെസ്സിയേയും സുവാരസിനേയും വീണ്ടും ഒന്നിപ്പിക്കാന്‍ ഇന്റര്‍ ശ്രമം നടത്തിയേക്കും എന്നാണ് സൂചനകള്‍.
ബാഴ്‌സയില്‍ നേരത്തേ മെസിക്കും സുവാരസിനും ഒപ്പം ഒരുമിച്ച് കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഇപ്പോള്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ ക്ലബ്ബിലുണ്ട്. സുവാരസിന്റെ നിലവിലെ ക്ലബ്ബായ ഗ്രെമിയോ ഡിസംബറില്‍ അദ്ദേഹത്തെ വിടാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഷാര്‍ലറ്റ് എഫ്സിക്കെതിരായ എംഎല്‍എസ് ഫൈനല്‍ മത്സരത്തിന് ഇന്റര്‍ മിയാമിക്കൊപ്പം മാര്‍ട്ടിനെസ് യാത്ര ചെയ്തിരുന്നില്ല. ഈ സീസണില്‍ ക്ലബ്ബിനായി 32 മത്സരങ്ങള്‍ കളിച്ചതാരം 10 ഗോളുകള്‍ നേടിയിരുന്നു.
ബാഴ്സലോണയില്‍ ലയണല്‍ മെസ്സിയ്ക്കൊപ്പം മികച്ച ദിനങ്ങള്‍ നേടിയ സുവാരസുമായി ക്ലബിനെ ബന്ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മാര്‍ട്ടിനെസിന്റെ സാധ്യതയുള്ള പുറത്താകല്‍. പ്ലേ ഓഫ് തര്‍ക്കത്തില്‍ നിന്ന് ഇതിനകം പുറത്തായതിനാല്‍, അവരുടെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇന്റര്‍ മിയാമി ഒരു ഹ്രസ്വ പര്യടനത്തിനായി ചൈനയിലേക്ക് പോകുന്നുണ്ട്.