നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന് ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്‌ഥിരീകരിച്ചു ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും.
അത് ഒരു രഹസ്യ ശക്‌തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച് അള്‍ട്രാവീക്ക് ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്‍നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം പുറത്തുവരുന്നു. അള്‍ട്രാസെന്‍സിറ്റീവ് ക്യാമറകള്‍ ഉപയോഗിച്ചാണു ‘ബയോഫോട്ടോണുകളുടെ’ തെളിവ് ശേഖരിച്ചതെന്നു ശാസ്‌ത്രജ്‌ഞര്‍ അവകാശപ്പെട്ടു.
ഓരോ ജീവിയുടെയും കോശങ്ങളില്‍, മൈറ്റോകോണ്‍ഡ്രിയ എന്നറിയപ്പെടുന്ന ഘടനകളുണ്ട്, അവിടെ ‘ഓക്‌സിഡേറ്റീവ് മെറ്റബോളിസം’ എന്ന പ്രക്രിയയില്‍ പഞ്ചസാര ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കും. ഈ പ്രതിപ്രവര്‍ത്തനങ്ങളില്‍, തന്മാത്രകള്‍ ഊര്‍ജം നേടുകയും നഷ്‌ടപ്പെടുകയും ചെയ്യുന്നു, അങ്ങനെയാണു ഫോട്ടോണുകള്‍ പുറത്തുവിടുന്നതെന്നു ഗവേഷണ സംഘാംഗമായ ഡോ. ഡാനിയല്‍ ഒബ്ലാക്ക് പറഞ്ഞു.
ജീവകോശങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രകാശം വളരെ മങ്ങിയതിനാല്‍, ചൂടുള്ള വസ്‌തുക്കള്‍ പുറപ്പെടുവിക്കുന്ന വികിരണം പോലുള്ള പ്രകൃതിദത്ത പ്രകാശ സ്രോതസുകളില്‍നിന്ന് അത് വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേക ക്യാമറകള്‍ ഉപയോഗിച്ചാണു ഡോ. ഒബ്ലാക്കും സഹപ്രവര്‍ത്തകരും ജീവികളുടെ ശരീരം പുറപ്പെടുവിക്കുന്ന പ്രകാശം തിരിച്ചറിഞ്ഞത്. അവ മരിക്കുമ്പോള്‍ പ്രകാശം നഷ്‌ടപ്പെടുന്നതായും സംഘം വ്യക്‌തമാക്കി. എലികളെ ഇരുണ്ട, താപനില നിയന്ത്രിത പെട്ടികളില്‍ വച്ചായിരുന്നു പരീക്ഷണം. ഇലകളും പ്രകാശം പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.