ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന് ദിവസം നീണ്ട ” ഗോട്ട് ഇന്ത്യ ടൂര്‍” അവസാനിച്ചു. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടികളോടെയാണു പര്യടനം അവസാനിച്ചത്.
നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് മെസി ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രാവിലെ 10.45 നായിരുന്നു വിമാനമെത്തേണ്ടിയിരുന്നത്. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണമാണു യാത്ര വൈകിയത്.
അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റ് വൈകിയാണു തുടങ്ങിയത്. വൈകിയതിനാല്‍ മെസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നില്ല. മോദി ഇന്നലെ ജോര്‍ദാന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. വിമാനത്താവളത്തില്‍നിന്ന് ലീല പാലസ് ഹോട്ടലിലേക്കാണു മെസിയും സംഘവും പോയത്. ”ഡല്‍ഹിക്കു നന്ദി, വീണ്ടും കാണാം” എന്നു പറഞ്ഞാണു മെസി നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനും നന്ദി പറയാന്‍ സൂപ്പര്‍ താരം മറന്നില്ല.
സൂപ്പര്‍ താരവും സഹ താരങ്ങളും കാണികള്‍ക്കു നേരെ കൈവീശി ഗ്രൗണ്ടിനു വലംവച്ചു. 7-7 സെലിബ്രിറ്റി മത്സരത്തിനും മെസി സാക്ഷിയായി. മെസിയുടെ പത്താം നമ്പര്‍ അര്‍ജന്റീന ജഴ്‌സി ധരിച്ചെത്ത കാണികള്‍ ആവേശവുമായി. മിനര്‍വ അക്കാദമി ടീമിലെ താരങ്ങളെയും മെസിയും സംഘവും കണ്ടു.
ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജയ് ഷാ, ഡല്‍ഹി ഡിസ്‌ട്രിക്‌റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജയ്‌റ്റ്ലി, മുന്‍ ഇന്ത്യന്‍ താരം ബൈചുങ് ബൂട്ടിയ എന്നിവര്‍ മെസിക്കൊപ്പം സ്‌റ്റേഡിയത്തിലെത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി മെസിക്ക് ജയ് ഷാ സമ്മാനിച്ചു. ”മെസി 10” എന്നെഴുതി ജഴ്‌സിയാണ് നല്‍കിയത്. ഒപ്പം ക്രിക്കറ്റ് ബാറ്റും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റും നല്‍കി. ഒപ്പമുണ്ടായിരുന്ന സുവാരസിനും റോഡ്രിഗോ ഡി പോളിനും ജഴ്‌സി സമ്മാനിച്ചു. മിനര്‍വ അക്കാദമിയിലെ 22 കുട്ടിത്താരങ്ങളുമായുള്ള ‘ഫുട്‌ബോള്‍ ക്ലിനിക്’ പരിപാടിയും അരങ്ങേറി. അവരുമായി മെസി പന്തു തട്ടി.
അരമണിക്കൂറിലേറെ സമയം മെസി സ്‌റ്റേഡിയത്തില്‍ ചെലവഴിച്ചു. അവിടെനിന്ന് പുരാന കിലയിലേക്കാണ് മെസി പോയത്. ചീഫ് ജസ്‌റ്റിസ്, ഇന്ത്യയുടെ സംയുക്‌ത സൈനിക മേധാവി, അര്‍ജന്റീനിയന്‍ അംബാസഡര്‍ മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവരുമായി ഇതിഹാസ താരം കൂടിക്കാഴ്‌ച നടത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോളിവുഡ് താരം വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ മെസിയെ സ്വീകരിക്കാനുണ്ടാകുമെന്ന് അറിയിച്ചെങ്കിലും വന്നില്ല. വിരാട് കോഹ്ലി പവലിയനിനു മുന്നിലൂടെ മെസി നടന്നപ്പോള്‍ ‘കോഹ്ലി, കോഹ്ലി’ എന്ന് ആളുകള്‍ ആര്‍ത്തുവിളിച്ചു.




