സിന്‍സിനാറ്റി: ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കര്‍ ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലിലെത്തി. സിന്‍സിനാറ്റിക്കെതിരേ നടന്ന പ്ലേ ഓഫില്‍ 4-0 ത്തിനു ജയിച്ചാണ് ഇന്റര്‍ ഫൈനലില്‍ കടന്നത്.
സിന്‍സിനാറ്റിയുടെ സ്വന്തം തട്ടകമായ ടി.ക്യൂ.എല്‍. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ററിനായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചും അടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തിയാഡോ അലെന്‍ഡ ഇരട്ട ഗോളടിച്ച മത്സരത്തില്‍ മാറ്റിയോ സില്‍വെറ്റിയും ഒരു ഗോളടിച്ചു. ശനിയാഴ്‌ച നടക്കുന്ന ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയാണ് മയാമിയുടെ എതിരാളികള്‍. ജയിച്ചാല്‍ എം.എല്‍.എസ്. കപ്പ് ഫൈനലിനു യോഗ്യത നേടും. ഫിലാഡല്‍ഫിയയെ 1-0 ത്തിനു തോല്‍പ്പിച്ചാണ് ന്യൂയോര്‍ക്ക് സിറ്റി എഫ്.സി. ഈസ്‌റ്റേണ്‍ കോണ്‍ഫെറന്‍സ് ഫൈനലിലെത്തിയത്.
സിന്‍സിനാറ്റിക്കെതിരേ വീണ നാലു ഗോളുകളിലും മെസിയുടെ പാദ സ്‌പര്‍ശമുണ്ടായി. കളി തുടങ്ങി 19-ാം മിനിറ്റില്‍ തന്നെ മയാമി ഗോളടി തുടങ്ങി. തകര്‍പ്പന്‍ ഹെഡറിലൂടെ മെസിയാണ് ലക്ഷ്യം കണ്ടത്. മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും മയാമിക്ക് ഒന്നാം പകുതിയില്‍ തുടര്‍ന്നു ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ മെസി ഗോളവസരങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. 57-ാം മിനിറ്റില്‍ മെസിയുടെ അസിസ്‌റ്റില്‍ മാറ്റിയോ സില്‍വെറ്റി ലീഡ് രണ്ടാക്കി. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം മയാമിയുടെ മൂന്നാം ഗോളുമെത്തി. ഇത്തവണ ടാഡിയോ അലെന്‍ഡൊണ് മെസിയുടെ സഹായത്തോടെ വലകുലുക്കിയത്. 74-ാം മിനിറ്റില്‍ മെസിയുടെ അസിസ്‌റ്റില്‍ അലെന്‍ഡേ വീണ്ടും ലക്ഷ്യം കണ്ടതോടെ മയാമി തകര്‍പ്പന്‍ ജയത്തോടെ മടങ്ങി. 1300 ഗോള്‍ പങ്കാളിത്തമെന്ന ചരിത്ര നേട്ടത്തിലെത്താനും മെസിക്കായി. ഇതുവരെ 896 ഗോളുകളടിച്ച സൂപ്പര്‍ താരം 404 അസിസ്‌റ്റുകളും കുറിച്ചു. മെസി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കായി 941 ഗോള്‍ പങ്കാളിത്തം കുറിച്ചു.
അര്‍ജന്റീനയ്‌ക്കായി 117 തവണയാണു ഗോള്‍ പങ്കാളിത്തം ഉറപ്പാക്കിയത്. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നായി 66 പങ്കാളിത്തവും കുറിച്ചു. മയാമിക്കായി ഇതുവരെ 117 തവണ ഗോള്‍ പങ്കാളിത്തം കുറിച്ചു. മെസി കരിയറില്‍ ആകെ 1135 മത്സരങ്ങള്‍ കളിച്ചു. 1298 കളികളിലായി 1213 ഗോള്‍ പങ്കാളിത്തം കുറിച്ച ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണു രണ്ടാമത്. ക്രിസ്‌റ്റ്യാനോ 954 ഗോളുകളും 259 അസിസ്‌റ്റുകളും കുറിച്ചു. എം.എല്‍.എസ്. സീസണില്‍ ഇതുവരെ 35 ഗോളുകളടിച്ച മെസി 25 അസിസ്‌റ്റുകളും കുറിച്ചു. കാര്‍ലോസ് വെല 2019 ല്‍ കുറിച്ച 51 ഗോള്‍ പങ്കാളിത്തമെന്ന റെക്കോഡ് മറികടക്കാന്‍ മെസിക്കായി.




