മാഫിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തട്ടിക്കളയുമെന്ന സൂചന നല്കി സാമൂഹ്യസംഘടനാ നേതാവിന്റെ വീടിന് മുന്നില്‍ ശവപ്പെട്ടി കൊണ്ടിട്ട് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം. ഇറ്റാലിയന്‍ നഗരമായ റോമിലും പരിസരത്തും കുറ്റകൃത്യങ്ങളുടെ പരമ്പര തീര്‍ക്കുന്ന ഒരു മാഫിയ മാതൃകയിലുള്ള സംഘടിത ക്രൈം സിന്‍ഡിക്കേറ്റായ കാസമോണിക്ക ക്രൈം ഫാമിലിയാണ് ഞായറാഴ്ച ഒരു മാഫിയ വിരുദ്ധ പ്രവര്‍ത്തകയുടെ വീടിന് മുന്നില്‍ ഒരു കറുത്ത ശവപ്പെട്ടി കൊണ്ടുവെച്ച് ഭീഷണി ഉയര്‍ത്തിയത്.
കാസമോണിക്കയുടെ പ്രധാന കുടുംബ വില്ലകള്‍ ആസ്ഥാനമാക്കിയ ടോര്‍ ബെല്ല മൊണാക്കയുടെ സമീപപ്രദേശമായ ടോറിപിയുബെല്ലയിലെ മാഫിയാ വിരുദ്ധ ഗ്രൂപ്പിന്റെ പ്രസിഡന്റായ ടിസിയാന റോണ്സിയോ എന്ന ആക്ടിവിസ്റ്റിന്റെ വീടിന് മുന്നിലായിരുന്നു ശവപ്പെട്ടി കൊണ്ടുവെച്ചത്. എന്നാല്‍ ഇതില്‍ താന്‍ ഭയക്കുന്നില്ലെന്നും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്കുന്ന പ്രവര്‍ത്തിയാണ് ഇതെന്നും ടിസിയാന പറഞ്ഞു.
ടോര്ബെല്ല മൊണാക്കയിലെ ക്രൈംസിന്ഡിക്കേറ്റിന്റെ വീട്ടില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. വീട് പൊളിക്കുന്നതിനിടയില്‍ പല മുറികളില്‍ നിന്നും പണം ഒളിപ്പിച്ചിരുന്ന വലിപ്പമേറിയ കടുവയുടെ പ്രതിമകള്‍ കണ്ടെത്തി. സ്വര്‍ണ്ണം നിറച്ച കുതിരകള്‍, വജ്രം പതിച്ച നീന്തല്‍ക്കുളങ്ങള്‍, ഗില്‍ഡഡ് മിറര്‍ ചെയ്ത മേല്‍ത്തട്ട് എന്നിവ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ പോലീസ് കണ്ടെത്തി.
ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയുള്‍പ്പെടെ ടണ്‍ കണക്കിന് മയക്കുമരുന്നുകളും മുറിയില്‍ നിന്ന് കണ്ടെടുത്തു. 2022 ല്‍, കൊളംബിയയില്‍ നിന്ന് ഏഴ് ടണ്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ടോര്‍ ബെല്ല മൊണാക്ക ജില്ലയിലെ റോണ്സിയോയുടെ റോമിലെ വസതിക്ക് പുറത്ത് ഞായറാഴ്ചയാണ് ശവപ്പെട്ടി കണ്ടെത്തിയത്. എന്നാല്‍ തനിക്ക് ഭയമില്ലെന്നും മാഫിയകള്‍ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടിസിയാന റോണ്സിയോ.
1970-കളില്‍ ഇറ്റലിയിലെ ആന്റി-മാഫിയ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് ആണ് കാസമോണിക്ക കുടുംബത്തെ ആദ്യമായി ഒരു മാഫിയ-സ്റ്റൈല്‍ ഗ്രൂപ്പായി തിരിച്ചറിഞ്ഞത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം ഗ്രാമീണ ഇറ്റാലിയന്‍ പ്രവിശ്യകളില്‍ നിന്ന് തലസ്ഥാനത്ത് എത്തിയ നാടോടികളായ സിന്തി ഗ്രൂപ്പുകളില്‍ നിന്നുമാണ് പ്രധാന കുടുംബങ്ങള്‍ ഉത്ഭവിച്ചത്. ഏകദേശം 90 ദശലക്ഷം യൂറോ (101 ദശലക്ഷം ഡോളര്‍) വിലമതിക്കപ്പെടുന്ന അവര്‍ മിക്കപ്പോഴും കൊള്ളയടിക്കല്‍, റാക്കറ്റിംഗ്, കൊള്ളപ്പലിശ എന്നിവ വഴിയാണ് പണമുണ്ടാക്കിയത്.
റോണ്സിയോയ്ക്കെതിരായ ഭീഷണി പോലുള്ള ഭീഷണികളിലും – കൊലപാതക കേസുകളിലും അവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സംഘടനയില്‍ ഇപ്പോള്‍ ഏകദേശം 1000 അംഗങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്.
റോമിലെ ഒരു ഭവന പദ്ധതിയില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ച കുറ്റത്തിന് സംഘവുമായി ബന്ധമുള്ള ഒരു ഡസന്‍ ആളുകള്‍ നിലവില്‍ വിചാരണ നേരിടുന്നു. 2015 ല്‍ കുടുംബത്തിലെ ഗോത്രപിതാവായ വിറ്റോറിയോ കാസമോണിക്കയുടെ ശവസംസ്ക്കാരം കൊണ്ടും കുടുംബം ശ്രദ്ധ നേടിയിരുന്നു. ശവപ്പെട്ടി കുതിരവണ്ടിയില്‍ വഹിച്ചതും ടോര്‍ ബെല്ല മൊണാക്ക പ്രദേശത്ത് മുഴുവന്‍ മുകളില്‍ ഹെലികോപ്റ്റര്‍ വഴി റോസാപ്പൂക്കള്‍ വീഴ്ത്തിയും ഗ്രൂപ്പ് 2015-ല്‍ വാര്‍ത്തകളില്‍ ഇടം നേടി.
കാസമോണിക്ക വംശത്തെ ഇറ്റാലിയന്‍ അധികാരികള്‍ ഒരു ക്രിമിനല്‍ സംഘടനയായി തിരിച്ചറിഞ്ഞിട്ടും, ആ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണവും പള്ളിക്ക് പുറത്ത് ഗോഡ്ഫാദര് ട്രൈലോജിയില്‍ നിന്നുള്ള തീം മ്യൂസിക് മുഴങ്ങുന്ന ബ്രാസ് ബാന്‍ഡും നല്കി.
2019-ല്‍, മാഫിയ കൂട്ടുകെട്ട്, മയക്കുമരുന്ന് കടത്ത്, ഇടപാട്, കൊള്ളയടിക്കല്‍, പലിശ, അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 40 കാസമോണിക്ക കുടുംബാംഗങ്ങള്‍ക്കെതിരേ കേസെടുത്തിരുന്നു. വിചാരണയ്ക്കിടെ, ഒരു മാട്രിയാര്‍ക്ക് തന്നെ കൊല്ലാന്‍ ശ്രമിച്ചതായി ഒരു വിവരദാതാവ് സാക്ഷ്യപ്പെടുത്തി. വിവരദായകനായ മാസിമിലിയാനോ ഫസാരി കോടതിയില്‍ ഒരു നടത്തിയ ഒരു വെളിപ്പെടുത്തലും ശ്രദ്ധേയമായി. റോമിലെ കുടുംബത്തിന്റെ വില്ല ബേസ്മെന്റുകളിലൊന്നിലെ വാറ്റില്‍ ആസിഡ് സൂക്ഷിച്ചിരിക്കുകയാണെന്ന് വരെ സംസാരമുണ്ടായി.
