Sports

രോഹിത്ശര്‍മ്മ അടിച്ചുപറത്തിയ സ്റ്റാര്‍ക്കിനെ ലിവിംഗ്സ്റ്റണും വിട്ടില്ല; ഒരോവറില്‍ അടിച്ചുകൂട്ടിയത് 28 റണ്‍സ്

ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ മൈക്കല്‍ സ്റ്റാര്‍ക്കിന് ഇതുപോലൊരനുഭവം ഇനി കിട്ടാനില്ലെന്നായിരുന്നു ടി20 ലോകകപ്പില്‍ കണ്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ അദ്ദേഹത്തിന്റെ ഒരോവറില്‍ തകര്‍ത്താടുകയായിരുന്നു. സമാന അനുഭവം ഇന്നലെയും സ്റ്റാര്‍ക്ക് നേരിട്ടു. കിട്ടിയത് ഇംഗ്ളണ്ടിന്റെ ലിയാം ലിവിംഗ് സ്റ്റണില്‍ നിന്നുമായിരുന്നു. ഒരോവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത് 28 റണ്‍സായിരുന്നു. ഈ വര്‍ഷം ആദ്യം ലോകകപ്പില്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 29 റണ്‍സടിച്ച രോഹിതില്‍ നിന്നും കിട്ടിയ അതേ അനുഭവം ഇന്നലെയും കിട്ടി.
ഇതുവരെ ടി20 യിലെ ഒരോവറിലെ ചെലവേറിയ ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ രണ്ടാമന്‍ എന്ന പദവിയായിരുന്നു സ്റ്റാര്‍ക്കിനുണ്ടായിരുന്നത്. ലിവിംഗ്സ്റ്റണ്‍ ഇന്നലെ ആറു പന്തില്‍ നാലു സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയപ്പോള്‍ സ്റ്റാര്‍ക്കിനെ തേടി പഴയ റെക്കോഡ് വീണ്ടും വന്നു. ഏകദിനത്തിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓസ്ട്രേലിയന്‍ ബൗളര്‍. ഓവറിലെ രണ്ടാമത്തെ പന്തു മാത്രമാണ് ഇംഗ്ളീഷ് ബാറ്റ്സ്മാന്‍ വെറുതേ വിട്ടത്. ആദ്യ പന്ത് സിക്സറിന് തൂക്കിയ ലിവിംഗ്സ്റ്റണ്‍ മൂന്നാമത്തെ പന്തുമുതല്‍ അഞ്ചാമത്തെ പന്തുവരെ ഹാട്രിക് സിക്സറുകള്‍ നേടി. ഒടുവിലത്തെ പന്ത് ബൗണ്ടറിയും അടിച്ച് സ്റ്റാര്‍ക്കിന്റെ ഫയറില്‍ വെള്ളമൊഴിച്ചു കളഞ്ഞു.


ഈ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയ്ക്ക് എതിരേ സൂപ്പര്‍ എട്ടിലായിരുന്നു ഇന്ത്യന്‍ നായകന്‍ പൂണ്ടു വിളയാടിയത്. 29 റണ്‍സാണ് സ്റ്റാര്‍ക്കിന് ഈ ഓവറില്‍ വഴങ്ങേണ്ടി വന്നത്. എന്നിരുന്നാലും ഒരോവറില്‍ 30 റണ്‍സ് വഴങ്ങിയ ഗ്ളെന്‍ മാക്സ്വെല്‍ ഉണ്ടായിരുന്നതിനാല്‍ ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാമതേ വന്നുള്ളൂ. ലിവിംഗ്സ്റ്റണിലേക്ക് തിരിച്ചു വന്നാല്‍ സ്റ്റാര്‍ക്കിനിട്ട് അടിച്ച 28 റണ്‍സ് ഉള്‍പ്പെടെ 27 പന്തുകള്‍ നേരിട്ട ഇംഗ്ളീഷ്താരം 27 പന്തുകളില്‍ 62 റണ്‍സടിച്ചു. ഏഴു സിക്സും മൂന്ന് ഫോറുകളും അടിച്ച അദ്ദേഹത്തിന്റെ മികവില്‍ ഇംഗ്ളണ്ട് അഞ്ചു വിക്കറ്റിന് 312 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *