മുളകള്‍ക്ക് ഇന്ന് വലിയ ഡിമാന്റ് കൈവന്നിരിക്കുകയാണ്. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന് വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ് ഈ പുല്‍ച്ചെടി.
വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത് ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന് ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ് ബാംബുവിന് ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു.
ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ് കേരളത്തില്‍ വിവിധതരം മുളകളുള്ളത്. പറയുടെ വലിപ്പമുള്ള മുളയും അക്കൂട്ടത്തില്‍പ്പെടുന്നു. ശ്രീകൃഷ്‌ണന്റെ ഓടക്കുഴലും പോലീസുകാരുടെ ലാത്തിയും ഒരേ മുളയുടെ കുടുംബമാണ്.
മുളങ്കൂമ്പ്‌കൊണ്ട് തോരന്‍ വിശേഷപ്പെട്ട ഒരു ഭക്ഷണമാണ്. കൊങ്കിണികള്‍ ഇത് സാധാരണയായി ഉപയോഗിക്കുന്നു. ഉലുവയുടെ പോലെ നേരിയ കയ്‌പോടെയുള്ള രുചിയാണിതിന്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഈ വിഭവം ആരോഗ്യത്തിന് ഉത്തമമാണ്.
ഏറ്റവും അധികം മുള ഉത്‌പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. അതുകൊണ്ട് തന്നെ ധാരാളം മുള ഉല്‍പ്പന്നങ്ങളും ഇന്ന് നമുക്ക് ലഭിക്കുന്നു. അടുക്കളയില്‍ പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന പരന്ന പലകപോലും ഫിങ്കര്‍ ജോയന്റ് മെതേട് ഉപയോഗിച്ച് ചൈന വിപണിയിലിറക്കിയിരിക്കുന്നു. ജപ്പാനിലും സിങ്കപ്പൂരിലും ആഡംബരവിശറികള്‍ ഉണ്ടാക്കുന്നത് അവിടം സന്ദര്‍ശിക്കുന്ന ടൂറിസ്‌റ്റുകളെ ഏറെ ആകര്‍ഷിക്കുന്നവയാണ്.
നമ്മുടെ മഹാഭാരതത്തിലും രാമായണത്തിലും മുളയെക്കുറിച്ച് പരാമര്‍ശിക്കുന്നു. പണ്ട് അമ്പും വില്ലും ആയുധമായിരുന്ന കാലത്ത് മുളയാണ് ആവനാഴിയായി ഉപയോഗിച്ചിരുന്നത്. ഇന്ത്യ കൂടാതെ ചൈന, നേപ്പാള്‍, പാക്കിസ്‌ഥാന്‍, ശ്രീലങ്ക, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ മുളയുണ്ട്. ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ജപ്പാനാണ്.
മുള പൂക്കുന്നത് ദാരിദ്ര്യവും വരള്‍ച്ചയും വരാന്‍ പോകുന്നതിന്റെ സൂചനയാണ്. മുളയരി കഞ്ഞി നമ്മള്‍ പണ്ട് കഴിച്ചിരുന്നു. ഒരിക്കല്‍ മുള പൂത്താല്‍ അത് നശിച്ചുപോവുകയും ചെയ്യും.
ആയില്യം നാളുകാരുടെ ദൃഷ്‌ടിപതിയുന്ന വീട് നശിച്ചുപോകും എന്നൊരു വിശ്വാസമുണ്ട്. അയല്‍പക്കത്ത് ആയില്യം നാളുകാരന്‍ ഉണ്ടെങ്കില്‍ ആ ആളുടെ ദൃഷ്‌ടിദോഷ പരിഹാരമായി മുള്ളുകളുള്ള മുള നട്ടുപിടിപ്പിച്ചാല്‍ മതി എന്നുമാണ് വിശ്വാസം. പുല്‍വര്‍ഗ്ഗത്തില്‍പ്പിറന്ന മുളയുടെ വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുള.
വിശേഷപ്പെട്ട പ്രസാദമായി വാങ്ങി വീട്ടിലും വാഹനങ്ങളിലും തൂക്കിയിടുന്നു. പറമ്പിന്റെ വടക്കുകിഴക്കേ മൂലയില്‍ മുള്ളില്ലാത്ത മുളയോ ഈറ്റയോ നില്‍ക്കുന്നത് വളരെയധികം ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. പെട്ടെന്ന് വളരുന്ന ചെടികള്‍ നമ്മുടെ വളര്‍ച്ചയുടെ വേഗതയും വര്‍ധിപ്പിക്കുമെന്നാണ് ഫെങ്‌ഷൂയി പറയുന്നത്.