ആറുമണിക്കൂറില്‍ താഴെയുള്ള ഉറക്കം ഹൃദ്രോഗങ്ങള്‍ക്കും ചിലതരം ക്യാന്‍സറുകള്‍ക്കും കാരണമാകുമെന്ന് 25 വര്‍ഷത്തെ പരിചയസമ്പത്തുള്ള കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. ജെറമി ലണ്ടന്‍ മുന്നറിയിപ്പ് നല്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 6 മണിക്കൂറില്‍ താഴെയോ 9 മണിക്കൂറില്‍ കൂടുതലോ ഉറങ്ങുന്നത് അപകടകരമാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെ ലഭിക്കുന്ന ഗുണമേന്മയുള്ള ഉറക്കമാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം.
ഉറക്കത്തിന്റെ കാര്യത്തില്‍ ‘കൂടുതല്‍ ഉറങ്ങുന്നത് നല്ലതാണ്’ എന്ന ധാരണ തെറ്റാണെന്ന് ഡോ. ലണ്ടന്‍ പറയുന്നു. ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം ഒരു ‘U-shaped curve’ ആയാണ് വിശേഷിപ്പിക്കുന്നത്. 6 മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ‘നമ്മുടെ ശരീരത്തിന് ഒരു ആന്തരിക ഘടികാരമുണ്ട് (Internal Clock). നമ്മള് രാത്രിയില്‍ സഞ്ചരിക്കുന്ന ജീവികളല്ല, പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കേണ്ടവരാണ്,’ അദ്ദേഹം വ്യക്തമാക്കുന്നു.
നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക താളത്തെ (Circadian Rhythm) അവഗണിക്കുമ്പോള്‍ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സൂര്യോദയത്തിനൊപ്പം ഉണരുകയും അസ്തമയത്തിന് ശേഷം വിശ്രമിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യശരീരത്തിന്റെ രീതി. ഇത് തെറ്റുമ്പോള്‍ ഹോര്‍മോണുകള്‍ അസമയത്ത് പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷം വിശപ്പിലുണ്ടാകുന്ന മാറ്റം, അനാവശ്യമായ ആഹാരങ്ങളോടുള്ള ആസക്തി, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, സമ്മര്‍ദ്ദം എന്നിവ ഇതിന്റെ ഫലമാണ്.
ഒറ്റപ്പെട്ട ദിവസങ്ങളിലെ ഉറക്കമില്ലായ്മയെക്കാള്‍, വര്‍ഷങ്ങളോളം തുടരുന്ന ഉറക്കക്കുറവിനെ കുറിച്ചാണ് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വിട്ടുമാറാത്ത ഉറക്കപ്രശ്നങ്ങള്‍ ടൈപ്പ് 2 പ്രമേഹം (Type 2 Diabetes), ഹൃദയ സംബന്ധമായ അസുഖങ്ങള്‍ (Cardiovascular Disease), ചിലതരം ക്യാന്‍സറുകള്‍ എന്നിവയിലേക്കൊക്കെ എത്തിയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഉറക്കം എന്നത് ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ്,’ ഡോ. ലണ്ടന്‍ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയം ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസവും കുറഞ്ഞത് 6 മണിക്കൂര്‍ എങ്കിലും സുഖമായി ഉറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിയ്ക്കുന്നു.




