ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 2014 മുതല്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലായിട്ടും ഇയാളുടെ സംഘത്തിന് ഒക്ടോബര്‍ 12ന് എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു നിയമവിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് ബിഷ്‌ണോയി കൊടും കുറ്റവാളിയായി മാറിയത്.
ഒരിക്കല്‍ നിയമപഠനത്തിന് പോയ ലോറന്‍സ് ബിഷ്ണോയി എങ്ങനെയാണ് ഇത്രയും ഭീകരനായ കുറ്റവാളി ആയി മാറിയത്? ബിഷ്ണോയിയെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത് ഒളിച്ചോടിയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പോലെ പഞ്ചാബിലെ ഫസ്ലിക ജില്ലയില്‍ 1992 ഫെബ്രുവരി 12 ന് ജനിച്ച ‘ബല്‍കരന്‍ ബ്രാര്‍’ എന്ന ലോറന്‍സ് ബിഷ്ണോയിയുടേയും പിതാവ് പഞ്ചാബ് പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ഇതായിരുന്നു അധോലോക നായകന്മാര്‍ തമ്മിലുള്ള സാമ്യം.
2007-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിയമവിദ്യാഭ്യാസത്തിന് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടപെട്ടതോടെയാണ് ലോറന്‍സ് ബിഷ്‌ണോയി ക്രിമിനല്‍ ചരിത്രത്തിലേക്ക് കാലുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് റോബിന്‍ ബ്രാര്‍ വിദ്യാര്‍ത്ഥി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബിഷ്ണോയ് എതിരാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബ്രാറിന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച് ബിഷ്‌ണോയി എതിരാളിക്ക് നേരെ വെടിവെച്ചു. തല്‍ഫലമായി, ബിഷ്ണോയി അറസ്റ്റ് ചെയ്യപ്പെടുകയും കൊലപാതകശ്രമകേസില്‍ ജയിലിലാകുകയും ചെയ്തു. ഇതായിരുന്നു എല്ലാറ്റിന്റെയും തുടക്കം.
ചില മുന്‍നിര ക്രിമിനലുകളുമായി ബന്ധമുണ്ടാക്കിയാണാണ് ബിഷ്‌ണോയി ജയില്‍ വിട്ടത്. റോബിന്‍ ബ്രാറാകാട്ടെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 2010ല്‍ സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്‍മാനാകാന്‍ ബിഷ്‌ണോയി തന്നെ മത്സരിച്ചു. തോറ്റു. വിജയിച്ച സ്ഥാനാര്‍ത്ഥിയെ ബിഷ്ണോയിയുടെ കൂട്ടാളികള്‍ മര്‍ദിച്ചു. വീണ്ടും ബിഷ്‌ണോയി ജയിലിലായി. അടുത്ത വര്‍ഷം, കുപ്രസിദ്ധ ഗുണ്ടാസംഘവും ബിഷ്ണോയ് സംഘത്തിലെ മുതിര്‍ന്ന അംഗവുമായി മാറിയ ഗോള്‍ഡി ബ്രാറുമായി അടുത്ത ബന്ധം സ്ഥാപിച്ച് അയാള്‍ ചെയര്‍മാന്‍ സ്ഥാനം നേടി.
ബിഷ്‌ണോയി ഗോള്‍ഡിബ്രാറുമായി ചേര്‍ന്ന് പഞ്ചാബില്‍ ചെറിയ തോതിലുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തുടങ്ങി. 2012-ല്‍, ബിഷ്ണോയി നിയമബിരുദം പൂര്‍ത്തിയാക്കി പുറത്തുവന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്താനുള്ള ശ്രമത്തില്‍, ഹരിയാനയില്‍ നിന്നുള്ള ഗുണ്ടാസംഘത്തിലെ സുഹൃത്തായ സമ്പത്ത് നെഹ്റ ഉള്‍പ്പെടുന്ന ഒരു സംഘം രൂപീകരിച്ചു. 2013ല്‍ പഞ്ചാബിലെ മുക്ത്സറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജില്‍ ബിഷ്ണോയിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ തോറ്റു. വിജയിയെ കൊന്നേക്കാനായിരുന്നു ബിഷ്‌ണോയി നിര്‍ദേശിച്ചത്. പിന്നീട് ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തന്റെ ബന്ധു മത്സരിച്ചപ്പോഴും സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തന്നെ ബിഷ്ണോയി ഉത്തരവിട്ടു.
2018 ലാണ് സല്‍മാന്‍ ഖാനെ കൊല്ലാന്‍ ബിഷ്ണോയി ആദ്യം പദ്ധതിയിട്ടത്. കൊലപാതകം നടത്താന്‍ സമ്പത്ത് നെഹ്റയോട് ആവശ്യപ്പെട്ടു. മുംബൈയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ നടന്റെ വസതിയില്‍ കയറിയെങ്കിലും സമയത്ത് ആയുധം സൂക്ഷിക്കാന്‍ കഴിയാതിരുന്നതിനാല്‍ നെഹ്റയ്ക്ക് ഏറ്റജോലി പൂര്‍ത്തീകരിക്കാനായില്ല. ആയുധം വാങ്ങുന്നതിനായി ഹരിയാനയില്‍ തിരിച്ചെത്തിയ നെഹ്റയെ പക്ഷേ പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ ഖാനെ ആക്രമിക്കാനുള്ള രണ്ടാമത്തെ പദ്ധതി തയ്യാറാക്കിയത് 2020-ല്‍ സിദ്ധു മൂസ് വാല കൊല്ലപ്പെട്ട സമയത്താണ്. ഇതും വിജയിച്ചില്ല. ഗോള്‍ഡി ബ്രാറിന്റെ നിര്‍ദേശപ്രകാരം സല്‍മാന്‍ ഖാന്റെ പന്‍വേലിലെ ഫാം ഹൗസില്‍ വെടിവെച്ചതായിരുന്നു നടനെതിരേ നടന്ന മൂന്നാമത്തെ ശ്രമം.
ലോറന്‍സ് ബിഷ്ണോയിയുടെ ശൃംഖല വളരെ ശക്തമാണ്, അദ്ദേഹം ജയിലിലായിരുന്നിട്ടും അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ ഭീകരത പടര്‍ത്തുന്നത് തുടരുകയാണ്. ദാവൂദ് ഇബ്രാഹിം ക്രൈം സിന്‍ഡിക്കേറ്റിന് സമാനമായ ഒന്നാക്കി തന്റെ സംഘത്തെ മാറ്റാനാണ് ബിഷ്ണോയി ശ്രമിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. വെറും 31-ാം വയസ്സില്‍, അയാള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുവരെ 75 ലധികം കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2025 വരെ മറ്റൊരു സംസ്ഥാന പോലീസിനും ബിഷ്ണോയിയെ ചോദ്യം ചെയ്യാന്‍ റിമാന്‍ഡിന് അപേക്ഷിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. കാനഡ, ഇറ്റലി, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലായി 700-ലധികം ഷൂട്ടര്‍മാരുള്ള അദ്ദേഹത്തിന്റെ ശൃംഖലയുണ്ട്.