Featured Sports

അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്‌ : വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട്‌ വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത്‌ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ്‌ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും രണ്ട്‌ ക്യാച്ചുകളും) മത്സരത്തിലെ താരം. ടോസ്‌ നേടിയ രാജസ്‌ഥാന്‍ നായകന്‍ മാനവ്‌ സുതര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കരണ്‍ ലാംബ (131 പന്തില്‍ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 119), ദീപക്‌ ഹൂഡ (83 പന്തില്‍ ആറ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 86) എന്നിവരാണു രാജസ്‌ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്‌.

ബാബാ അപരാജിന്റെ സെഞ്ചുറി കൂടാതെ ഓപ്പണര്‍ കൃഷ്‌ണ പ്രസാദിന്റെ (61 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 53) അര്‍ധ സെഞ്ചുറിയും ഏദന്‍ ആപ്പിള്‍ ടോമിന്റെ അവസരോചിത ബാറ്റിങും (18 പന്തില്‍ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 40) കേരളത്തെ ജയത്തിലെത്തിച്ചു. അനികേത്‌ ചൗധരി എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ നായകനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മല്‍ പുറത്തായിരുന്നു. കളി കൈവിട്ടെന്ന്‌ കരുതിയ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന അങ്കിത്‌ ശര്‍മ്മയും (22 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 27) ഏദന്‍ ആപ്പിള്‍ ടോമും ചേര്‍ന്നാണ്‌ കേരളത്തിന്‌ ജയത്തിലേക്ക്‌ വഴിയൊരുക്കിയത്‌. ഇരുവരും ചേര്‍ന്ന്‌ 26 പന്തില്‍ നേടിയ 46 റണ്‍ കളിയുടെ ഗതി മാറ്റി. ജയത്തിന്‌ 11 റണ്‍ അകലെ അങ്കിത്‌ ശര്‍മ്മ പുറത്തായി. എം.ഡി. നിധീഷ്‌ രണ്ട്‌ പന്തില്‍ രണ്ട്‌ റണ്ണുമായിനിന്നു.

മനസാന്നിധ്യത്തോടെ ബാറ്റ്‌ വീശിയ ഏദന്‍ ആപ്പിള്‍ ടോം അവസാന പന്തില്‍ രണ്ട്‌ റണ്‍ വേണമെന്നിരിക്കേ സിക്‌സറടിച്ചു. അതോടെ കേരളം ത്രസിപ്പിക്കുന്ന ജയത്തോടെ പുതുവര്‍ഷത്തിലേക്കു കാലെടുത്തു വച്ചു. രാജസ്‌ഥാന്‌ വേണ്ടി അനികേത്‌ ചൗധരി നാല്‌ വിക്കറ്റും മാനവ്‌ സുതാര്‍ രണ്ട്‌ വിക്കറ്റുമെടുത്തു. രാജസ്‌ഥാന്റെ ഓപ്പണര്‍മാര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 25 റണ്ണെടുത്ത ആദിത്യ റാഥോറിനെ ഏദന്‍ ആപ്പിള്‍ ടോമും 15 റണ്ണെടുത്ത രാം ചൗഹാനെ അങ്കിത്‌ ശര്‍മ്മയും പുറത്താക്കി.
രണ്ടിന്‌ 47 റണ്ണെണ്ണ നിലയിലായിരുന്ന രാജസ്‌ഥാനെ കരണ്‍ ലംബയും ദീപക്‌ ഹൂഡയും ചേര്‍ന്ന കൂട്ടുകെട്ടാണ്‌ ശക്‌തമായ നിലയിലെത്തിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ 165 പന്തില്‍ 171 റണ്‍ കൂട്ടിച്ചേര്‍ത്തു. ദീപക്‌ ഹൂഡയെ ബാബ അപരാജിത്ത്‌ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. വിക്കറ്റുകള്‍ വീഴവേ മറുവശത്ത്‌ കരണ്‍ ലംബ ഉറച്ച്‌ നിന്നു. നായകന്‍ മാനവ്‌ സുതാര്‍ 11 പന്തില്‍ 21 റണ്ണും അജയ്‌ സിങ്‌ കുക്‌ന 15 പന്തില്‍ 23 റണ്ണുമെടുത്തു. കേരളത്തിനായി ഷറഫുദ്ദീന്‍ മൂന്ന്‌ വിക്കറ്റുകളെടുത്തു. കേരളത്തിനായി രണ്ടാം വിക്കറ്റില്‍ ബാബാ അപരാജിത്തും കൃഷ്‌ണപ്രസാദും ചേര്‍ന്നു നേടിയ 155 റണ്ണാണ്‌ കേരളത്തിന്റെ ജയത്തിന്‌ അടിത്തറയിട്ടത്‌. കൃഷ്‌ണപ്രസാദ്‌ 53 റണ്ണും ബാബാ അപരാജിത്ത്‌ 126 റണ്ണുമെടുത്തു. തുടര്‍ന്നെത്തിയ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും (28) വിഷ്‌ണു വിനോദും (28) നിരാശപ്പെടുത്തി.

നാല്‌ കളികളിലായി രണ്ട്‌ ജയം നേടിയ കേരളം എട്ട്‌ പോയിന്റുമായി നാലാം സ്‌ഥാനത്താണ്‌. നാല്‌ മത്സരങ്ങളും ജയിച്ച്‌ 16 പോയിന്റ്‌ വീതം നേടിയ മധ്യപ്രദേശ്‌ ഒന്നാമതും കര്‍ണാടക രണ്ടാമതുമാണ്‌. മൂന്നാം സ്‌ഥാനത്തുള്ള ഝാര്‍ഖണ്ഡിന്‌ 12 പോയിന്റുണ്ട്‌. കര്‍ണാടക ഇന്നലെ നടന്ന മത്സരത്തില്‍ പുതുച്ചേരിയെ 67 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത കര്‍ണാടക നാല്‌ വിക്കറ്റിന്‌ 363 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പുതുച്ചേരി 296 റണ്ണിന്‌ ഓള്‍ഔട്ടായി.

നായകനും ഓപ്പണറുമായ മായങ്ക്‌ അഗര്‍വാള്‍ (124 പന്തില്‍ രണ്ട്‌ സിക്‌സറും 15 ഫോറുമടക്കം 132), മലയാളി താരവും ഓപ്പണറുമായ ദേവദത്ത്‌ പടിക്കല്‍ (116 പന്തില്‍ നാല്‌ സിക്‌സറും 10 ഫോറുമടക്കം 113) എന്നിവരുടെ സെഞ്ചുറികളാണു കര്‍ണാടകയെ മികച്ച നിലയിലെത്തിച്ചത്‌. മലയാളി താരം കരുണ്‍ നായര്‍ 34 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 62 റണ്ണുമായി പുറത്താകാതെനിന്നു. അഭിനവ്‌ മനോഹര്‍ ആറ്‌ പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 21 റണ്ണുമായുംനിന്നു.