അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപനെ തകര്‍ത്താണ് കിരീട നേട്ടം. നോറിസിന്റെ കന്നി ലോക കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ സീസണ്‍ അവസാനിച്ചു.
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മക്ലാരന്‍ ഡ്രൈവര്‍ ലോക ചാമ്പ്യനാകുന്നത്. മക്ലാരനുവേണ്ടി 2008 ല്‍ ലൂയിസ് ഹാമില്‍ട്ടണാണ് അവസാനം കിരീടം നേടിയത്.
യാസ് മരീന സര്‍ക്യൂട്ടില്‍ ലാന്‍ഡോ നോറിസ് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. വെര്‍സ്റ്റാപനാണ് റേസ് ജയിച്ചതെങ്കിലും പോയിന്റ് അടിസ്ഥാനത്തില്‍ നോറിസ് ചാമ്പ്യനായി. വെര്‍സ്റ്റാപനേക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്തിയാണ് നോറിസിന്റെ നേട്ടം. നോറിസ് ആകെ 423 പോയിന്റും വെര്‍സ്റ്റാപന്‍ 421 പോയിന്റും നേടി. മക് ലാറന്റെ തന്നെ ഓസ്‌ട്രേലിയക്കാരന്‍ ഡ്രൈവര്‍ ഓസ്‌കാര്‍ പിയാസ്ട്രി 410 പോയിന്റുമായി മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. യാസ് മരീന സര്‍ക്യൂട്ടില്‍ പിയാസ്ട്രി രണ്ടാമനായിരുന്നു. കണ്‍സ്ട്രക്‌റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് മക്‌ലാറന്‍ ആധികാരികമായി സ്വന്തമാക്കി. 833 പോയിന്റാണ് നോറിസും പിയാസ്ട്രിയും ചേര്‍ന്നു നേടിയത്. 469 പോയിന്റ് നേടിയ മെഴ്‌സിഡസാണ് രണ്ടാമത്.
യോഗ്യതാ റൗണ്ടില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപന്‍ പോള്‍ പൊസിഷന്‍ നേടിയിരുന്നു. നോറിസ് രണ്ടാമനായാണു റേസിങ് തുടങ്ങിയത്. ആദ്യ മൂന്നില്‍ ഫിനിഷ് ചെയ്താല്‍ നോറിസിന് കിരീടം ഉറപ്പായിരുന്നു. ആദ്യ ലാപില്‍ പിയാസ്ട്രിയുടെ മുന്നേറ്റം നോറിസിനു വെല്ലുവിളിയായി. ഫെരാരിയുടെ ചാള്‍സ് ലെ ക്ലാര്‍ക്കും റെഡ് ബുള്ളിന്റെ യൂകി ടിസുനോദയും നോറിസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. മികച്ച റേസിങ് പുറത്തെടുത്ത ലെക്ലാര്‍ക്ക് നാലാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. മെഴ്‌സിഡസിന്റെ ജോര്‍ജ് റസല്‍ അഞ്ചാമതും ആസ്റ്റണ്‍ മാര്‍ട്ടിന്റെ മുന്‍ ലോക ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോന്‍സോ ആറാമനുമായി. ഹാസ് എഫ് ടീമിന്റെ ഇസ്തബാന്‍ ഒകോണ്‍ ലൂയിസ് ഹാമില്‍ട്ടണിനെ മറികടന്ന് എട്ടാമനായി. അബുദാബിക്കു മുമ്പ് 408 പോയിന്റാണ് നോറിസ് നേടിയത്.
396 പോയിന്റായിരുന്നു വെര്‍സ്റ്റാപന്റെ നേട്ടം. മൂന്നാം സ്ഥാനത്തുള്ള പിയാസ്ട്രിക്ക് 392 പോയിന്റായിരുന്നു. ആദ്യ രണ്ട് സ്ഥാനക്കാരും മെഡല്‍ പട്ടികയില്‍ ഇല്ലാതിരിക്കുകയും ഒന്നാം സ്ഥാനത്തെത്തുകയും ചെയ്താല്‍ പിയാസ്ട്രിക്ക് ലോക കിരീടം ഓസ്‌ട്രേലിയയിലേക്കു കൊണ്ടു പോകാമെന്ന അവസ്ഥയായിരുന്നു. 12 പോയിന്റ് മാത്രം പിന്നിലുള്ള വെര്‍സ്റ്റാപന് ഇന്ന് 25 പോയിന്റും നേടാനായാല്‍ കിരീടം നിലനിര്‍ത്താമായിരുന്നു. പക്ഷേ നോറിസ് മൂന്നാമനായത് താരത്തിന്റെ സാധ്യത ഇല്ലാതാക്കി.




