മുംബൈ: പരിക്കേറ്റ് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുംറ തിങ്കളാഴ്ച ഐപിഎല്ലില്‍ ബെംഗളൂരുവിനെതിരേയാണ് മടങ്ങിയെത്തിയത്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ബുംറയുടെ തിരിച്ചുവരവ് അത്ര മികച്ചതായിരുന്നില്ല. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ താരം 10 റണ്‍സ് വഴങ്ങി.
ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് ബുംറ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ 33-1 എന്ന നിലയിലായിരുന്നു ബെംഗളൂരു. ഓവറിലെ ആദ്യപന്ത് ദേവദത്ത് പടിക്കല്‍ സിംഗിളെടുത്തു. എന്നാല്‍ രണ്ടാം പന്തില്‍ കോലിയാണ് ബുംറയെ നേരിട്ടത്. ആരാധകര്‍ ഉറ്റുനോക്കിയ രണ്ടാം പന്തില്‍ കോലി ബുംറയെ അതിര്‍ത്തികടത്തി. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് കോലി സിക്‌സറടിച്ചത്. ഓവറിലെ ബാക്കിയുള്ള പന്തുകളില്‍ മൂന്ന് റണ്‍സാണ് ആര്‍സിബി നേടിയത്. അതേസമയം മുംബൈക്കെതിരേ വെടിക്കെട്ട് തുടരുകയാണ് കോലി. ഒന്‍പത് ഓവര്‍ അവസാനിക്കുമ്പോള്‍ 95-2 എന്ന നിലയിലാണ് ആര്‍സിബി. കോലി അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയിലാണ് ബുംറയ്ക്ക് പരിക്കേറ്റത്. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്നും താരം പുറത്തായി. അതേസമയം ബുംറ മടങ്ങിയെത്തുന്നത് മുംബൈ ടീമിന് കരുത്തുപകരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2025 ഐപിഎല്ലില്‍ മോശം തുടക്കമാണ് മുംബൈയുടേത്. ആദ്യ നാലുമത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.