Featured Lifestyle

നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കിൽ അടുക്കളയിൽ നിന്ന് ഇവ ഒഴിവാക്കിക്കോളൂ..

ഒരാളുടെ ആരോഗ്യകാര്യങ്ങളിലെ സുരക്ഷിതത്വം ഭൂരിഭാഗവും തുടക്കം അടുക്കളയില്‍ നിന്ന് തന്നെയാണെന്ന് നിസംശയം പറയാം. അടുക്കളയിലെ വൃത്തിയും സുരക്ഷയും പോലെ ഇരിയ്ക്കും ഒരു മനുഷ്യന്റെ ആരോഗ്യം. ഭക്ഷണം ഉണ്ടാക്കുന്ന ശ്രദ്ധ പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വേണ്ട ശ്രദ്ധ കൊടുക്കേണ്ടി വരും. അടുക്കളയിലെ ചില വസ്തുക്കള്‍ നിശബ്ദമായി ആരോഗ്യം നശിപ്പിക്കും. ഇതിന് പരിഹാരം എന്തെന്നാല്‍ എത്രയും വേഗം അവ നീക്കം ചെയ്ത് പകരം സുരക്ഷിതമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്നത് തന്നെ…..

പഞ്ചസാര – റിഫൈന്‍ ചെയ്തതും പ്രോസസ്സ് ചെയ്തതുമായ പഞ്ചസാരയുടെ പതിവായ ഉപയോഗം ശരീരഭാരം കൂടുക, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുക, ഹൃദയപ്രശ്‌നങ്ങള്‍, നീര്‍ക്കെട്ട്, കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര ശീലമാക്കിയവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ പ്രയാസമാകും. എന്നാല്‍ പഴങ്ങളോ പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയ പോലുള്ള ആരോഗ്യകരമായ മധുരമോ ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

അലുമിനിയം ഫോയിലുകള്‍ – മിക്ക വീടുകളിലും ഭക്ഷണം പൊതിയാന്‍ അലുമിനിയം ഫോയില്‍ ആണ് ഉപയോഗിക്കുന്നത്. വല്ലപ്പോഴും ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണെങ്കിലും അലുമിനിയം ഫോയില്‍ തുടര്‍ച്ചയായി ഏറെക്കാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. അമ്ലഗുണമുള്ളതും ഉപ്പുള്ളതും വളരെ കൂടിയ ചൂടില്‍ പാകം ചെയ്തതുമായ ഭക്ഷണമാണ് കൂടുതല്‍ അപകടം. അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങും തുടര്‍ച്ചയായി കൂടിയ അളവില്‍ അലുമിനിയവുമായുള്ള സമ്പര്‍ക്കം ദോഷം ചെയ്യും. വൃക്കയുടെ രോഗം ഉള്ളവര്‍ക്ക് അപകടസാധ്യത കൂടും. കാരണം അലുമിനിയത്തെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനുള്ള ചുമതല വൃക്കകള്‍ക്കാണ്. അലുമിനിയം ഫോയിലുകള്‍ക്ക് പകരം പേപ്പര്‍റോളുകള്‍ ഉപയോഗിക്കാം. ഇവ ഭക്ഷണത്തെ ഫ്രഷ് ആയും ആരോഗ്യകരമായും നിലനിര്‍ത്തും.

റിഫൈന്‍ഡ് ഓയില്‍ – നാച്വറല്‍ ഓയിലുകളുടെ സംസ്‌കരിച്ച രൂപമാണ് റിഫൈന്‍ഡ് ഓയിലുകള്‍. നാച്വറല്‍ ആയ എണ്ണയെ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഗന്ധവും രുചിയും ഇല്ലാതാക്കി ദീര്‍ഘകാലം കേടു കൂടാതെ നില്‍ക്കുന്ന രീതിയില്‍ ആക്കിയെടുക്കുന്നു. റിഫൈന്‍ഡ് ഓയിലുകള്‍ ഹൈഡ്രോജനേഷന്‍ എന്ന പ്രക്രിയയിലൂടെ കടന്നു പോകുന്നു. ഇതില്‍ ദ്രാവകരൂപത്തിലുള്ള അപൂരിത കൊഴുപ്പ്, ഹൈഡ്രജന്‍ ചേര്‍ക്കുക വഴി ഖരരൂപത്തിലാകുന്നു. ഇതിന്റെ ഫലമായി വളരെ വലിയ അളവില്‍ ട്രാന്‍സ്ഫാറ്റുകള്‍ രൂപം കൊള്ളുന്നു. ഈ എണ്ണ വളരെവേഗം പുളിപ്പും ദുര്‍ഗന്ധവും ഉള്ളതും ആകുകയും അവയുടെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുകയും വിഷാംശം ഉള്ളതാകുകയും ചെയ്യും.  റിഫൈന്‍ഡ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് കാന്‍സര്‍, പ്രമേഹം, ഉദരരോഗങ്ങള്‍, പൊണ്ണത്തടി, പ്രത്യുല്‍പാദനപ്രശ്‌നങ്ങള്‍ ഇവയ്ക്കും കാരണമാകും. റിഫൈന്‍ഡ് ഓയിലുകള്‍ക്കു പകരം ഒലിവ് ഓയില്‍ പോലുള്ള സസ്യാധിഷ്ഠിത എണ്ണകള്‍ മിതമായ അളവില്‍ ഉപയോഗിക്കാം.

പ്ലാസ്റ്റിക് കുപ്പികളും ജാറുകളും –  അടുക്കളയിലെ മിക്ക സാധനങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളിലാണ് മിക്ക ആളുകളും സൂക്ഷിക്കുന്നത്. വില കുറഞ്ഞ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളില്‍ ബിപിഎ, ബിപിഎസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ എന്‍ഡോക്രൈന്‍ ഗ്ലാന്‍ഡ് അഥവാ അന്തഃസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഹോര്‍മോണ്‍ അസന്തുലനത്തിനും പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. പ്ലാസ്റ്റിക് കുപ്പികളിലും ജാറുകളിലും താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാസ്റ്റിക്കിന് കൂടുതല്‍ പഴക്കം നല്‍കും. ഈ രാസവസ്തുക്കള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും വളര്‍ച്ചാ പ്രശ്‌നങ്ങള്‍ (പ്രത്യേകിച്ച് കുട്ടികളില്‍)ക്ക് കാരണമാകുകയും ചെയ്യും. പ്ലാസ്റ്റിക്കിനു പകരം സ്റ്റീലോ ഗ്ലാസോ ഉപയോഗിക്കാം.

പായ്ക്കറ്റില്‍ ലഭ്യമായ സുഗന്ധവ്യഞ്ജനങ്ങള്‍ – റെഡിമെയ്ഡ് ആയി പായ്ക്കറ്റില്‍ ലഭിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവയില്‍ മായം ചേര്‍ത്തിട്ടുണ്ടാകും. മാത്രമല്ല ഹെവിമെറ്റലുകളും അടങ്ങിയ ഇവ ശരിയായി സംസ്‌ക്കരിച്ചതും ആയിരിക്കില്ല. ഇത്തരം സുഗന്ധവ്യഞ്ജനങ്ങളുടെ പതിവായ ഉപയോഗം, അലര്‍ജി പ്രശ്‌നങ്ങള്‍, കരളിനു ക്ഷതം, കാന്‍സര്‍ തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. എപ്പോഴും വിശ്വസ്തമായ ബ്രാന്‍ഡിന്റെ മാത്രം സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. കൂടാതെ പായ്ക്കറ്റില്‍ FSSAI, AGMARK തുടങ്ങിയ സര്‍ട്ടിഫിക്കേഷന്‍ ഉണ്ടോ എന്നും നോക്കുക. രുചിയും പുതുമയും നിലനിര്‍ത്താന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങിപ്പൊടിച്ച് ഉപയോഗിക്കാവുന്നതുമാണ്.