Oddly News

ചാള്‍സിന് കാന്‍സര്‍; രാജാവ് സ്ഥാനമൊഴിയുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?

ലണ്ടന്‍: ലോകത്ത് പ്രധാന സംഭവങ്ങളുണ്ടാകുമ്പോളൊക്കെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനം ചര്‍ച്ചയാകാറുണ്ട്. ഇത്തവണ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. 2024-ല്‍ ചാള്‍സ് സ്ഥാനമൊഴിയുമെന്നാണു നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണ് രാജകുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും ഉള്ളത്.

16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് പ്രവചിച്ച പല കാര്യങ്ങളും യാഥാര്‍ഥ്യമായി രുന്നു. നോസ്ട്രഡാമസിന്റെ ലോക പ്രശസ്തമായ പ്രവചന പുസ്തകത്തില്‍ 942 പ്രവചനങ്ങളാണുള്ളത്. 2024-ല്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നടത്തിയിരിക്കുന്ന പ്രവചനങ്ങളിലാണ് ചാള്‍സ് രാജാവിന്റെ സ്ഥാനനഷ്ടത്തെക്കുറിച്ച് പറയുന്നത്. 1555-ലെ നോസ്ട്രഡാമസിന്റെ ”ലെസ് പ്രോഫറ്റീസ്”(പ്രവചനങ്ങള്‍) എന്ന പുസ്തകത്തില്‍ പറയുന്നത് 2024-ല്‍ രാജാവ് സ്ഥാനമൊഴിയുമെന്നും മകന്‍ സിംഹാസനം ഏറ്റെടുക്കുമെന്നാണ്. ദ്വീപുകളുടെ രാജാവ് ഒരു ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെടുമെന്നും രാജാവിന്റെ അടയാളങ്ങളൊന്നുമില്ലാത്ത ഒരാള്‍ പകരം വരുമെന്നുമാണ് ആ പ്രവചനത്തിലുള്ളത്.

ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നും പകരം ഹാരി രാജകുമാരന്‍ ആ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുമെന്നുമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ വിശകലനം ചെയ്ത് ”നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രോഫസീസ് ഫോര്‍ ദി ഫ്യൂചര്‍” എന്ന പുസ്തകമെഴുതിയ ബ്രിട്ടീഷുകാരനായ മരിയോ റീഡിങ് വിശദീകരിക്കുന്നത്. വില്യം രാജകുമാരനാണു ബ്രിട്ടീഷ് രാജകുടുംബത്തിലെ അടുത്ത കിരീടാവകാശി.
അതേസമയം, ചാള്‍സിന്റെ രോഗവിവരം സ്ഥിരീകരിച്ചതോടെ മകന്‍ ഹാരി രാജകുമാരന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിട്ടുണ്ട്. മേഗനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് രാജകുടുംബവുമായി അകന്ന ഹാരി രാജകുമാരന്‍ കലിഫോര്‍ണിയയിലാണു താമസം.