Oddly News

കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !

വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് .

പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം .

ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ മൃഗങ്ങള്‍ ഇത് ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത് .

ഈ പ്രവൃത്തിയെക്കുറിച്ച് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍ വക്താവ് നിക്കോളാസ് റഹൈം പറയുന്നത് ഇത് തിമിംഗലങ്ങളുടെ കളിയും ഒപ്പം അവരുടെ പരിശീലനവുമാകാം എന്നാണ് .

ഓര്‍കാസ് തിമിംഗലങ്ങള്‍ കൂട്ടമായി വേട്ടയാടുന്നവയാണ് , തുറന്ന കടലുകളിലും തീരദേശങ്ങളിലും ഇവയെ കാണാം. ചെന്നായ്ക്കളുടെ കൂട്ടത്തിന് സമാനമായ വേട്ടയാടല്‍ രീതികളാണ് ഇവയെ കൊലയാളി തിമിംഗലങ്ങള്‍ എന്നും വിളിക്കാന്‍ കാരണം.

കഴിഞ്ഞ മാസം മറ്റൊരു വിനോദ സഞ്ചാരികളുടെ ഗ്രൂപ്പ് തെക്ക് എന്‍സെനാഡ വരെയും വടക്ക് ബ്രിട്ടീഷ് കൊളംബിയ വരെയും അപൂര്‍വ കൊലയാളി തിമിംഗലത്തെ കണ്ടതായി എസ്എഫ് ഗേറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . ‘ഫ്രോസ്റ്റി’ എന്നാണ് ഇവയുടെ വിളിപ്പേര്. വെളുത്ത നിറം കൊണ്ടാണത്രെ ഇവയ്ക്ക് ഇത്തരമൊരു പേരു നല്‍കിയത്.

മോണ്ടെറി ബേ വേല്‍ വാച്ചിന്റെ അഭിപ്രായത്തില്‍, ആല്‍ബിനോ തിമിംഗലത്തിന്റെ വെള്ള നിറം ഒന്നുകില്‍ ലൂസിസം, ജീവിയുടെ പിഗ്മെന്റ് നഷ്ടപ്പെടുന്ന ഒരു ജനിതക അവസ്ഥ അല്ലെങ്കില്‍ ഭാഗിക ആല്‍ബിനിസത്തിലേക്ക് നയിക്കുന്ന ചേഡിയാക്-ഹിഗാഷി സിന്‍ഡ്രോം എന്നിവ മൂലമാകാം എന്നതാണ് വിലയിരുത്തുന്നത് .