ബംഗളൂരു: വനിതാഡോക്‌ടറെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ സര്‍ജനെതിരേ പുതിയ തെളിവുകള്‍. ഭാര്യ കൃതിക റെഡ്‌ഡിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെ ഇയാള്‍ കാമുകിക്കു സന്ദേശം അയച്ചതായി പോലീസ് സ്‌ഥിരീകരിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് വഴിയാണ് ഡോ. മഹേന്ദ്ര റെഡ്‌ഡി സന്ദേശം അയച്ചതെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. ‘നിനക്കുവേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’വെന്നാണ് സന്ദേശത്തിലുള്ളത്.
മാരകമായ അളവില്‍ അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഡോ. കൃതിക കൊല്ലപ്പെട്ടത്. അസുഖം ബാധിച്ചുവെന്ന നിലയില്‍ മഹേന്ദ്ര റെഡ്‌ഡി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയ്‌ക്കുശേഷം ഇവര്‍ മരിച്ചതായി ഡോക്‌ടര്‍മാര്‍ പ്രഖ്യാപിച്ചു.
മരണം സ്വാഭാവികമാണെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു മഹേന്ദ്രയുടെ പിന്നീടുള്ള ശ്രമം. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ കൃതികയുടെ ശരീരത്തില്‍ അനസ്‌തേഷ്യയുടെ അംശം കണ്ടെത്തിയതോടെ കേസിന്റെ ഗതിമാറി. അമിതമായി അനസ്‌തേഷ്യ നല്‍കിയതു മൂലമുണ്ടായ ശ്വസനപരാജയമാണു മരണകാരണം എന്ന നിഗമനത്തില്‍ കഴിഞ്ഞമാസം മഹേന്ദ്ര റെഡ്‌ഡിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഡെര്‍മറ്റോളജിസ്‌റ്റായ ഡോ. കൃതിക റെഡ്‌ഡിയെ 2024 മെയ് 26 നാണ് ഡോ. മഹേന്ദ്ര റെഡ്‌ഡി വിവാഹം കഴിച്ചത്. ബംഗളൂരുവില്‍ സ്വന്തമായിക്ല ിനിക് ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് കൃതികയുടെ മരണം എന്നു പറയപ്പെടുന്നു. ബംഗളൂരു മാറത്തഹള്ളിയിലുള്ള പിതാവിന്റെ വീട്ടില്‍ താമസിക്കുമ്പോള്‍ അസുഖം നിമിത്തം ഇവര്‍ അബോധാവസ്‌ഥയിലായി. ഈ സമയം വൈദ്യസഹായം നല്‍കാനെന്ന വ്യാജേന മഹേന്ദ്ര ഇവരെ സന്ദര്‍ശിക്കുകയും രണ്ടു ദിവസങ്ങളിലായി അനസ്‌തേഷ്യ അടങ്ങിയ കുത്തിവയ്‌പ്പുകള്‍ നല്‍കുകയുമായിരുന്നു.
അടുത്തദിവസം കൃതിക പ്രതികരിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടും മഹേന്ദ്ര ഇവര്‍ക്ക് സി.പി.ആര്‍. നല്‍കിയില്ല. സ്വാഭാവിക മരണമാണെന്ന് കൃതികയുടെ കുടുംബം ആദ്യം കരുതിയെങ്കിലും സഹോദരി ഡോ. നികിത റെഡ്‌ഡിയുടെ നിര്‍ബന്ധത്തിലുൃം ആശുപത്രി വിവരങ്ങളുടെ അടിസ്‌ഥാനത്തിലും പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പിന്നീടാണ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് വന്നതും കേസിന് വഴിത്തിരിവുണ്ടായതും.
മുപ്പത്തിരണ്ടുകാരനായ ഡോ. മഹേന്ദ്ര റെഡ്‌ഡിക്ക് മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന് ഫോണ്‍ വിശകലനത്തില്‍നിന്നു വ്യക്‌തമായിട്ടുണ്ട്. കാമുകിക്ക് ഇയാള്‍ അയച്ച സന്ദേശമാണ് ഇപ്പോള്‍ നിര്‍ണായകമാകുന്നത്.




