ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവർഹെഡ് ബാരിയറിൽ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങളിലൊന്നാണ്. വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കയും മാതാപിതാക്കളുടെ അശ്രദ്ധയില്‍ വിമര്‍ശനവും ഉന്നയിച്ച് നെറ്റിസണ്‍സും രംഗത്തുണ്ട്.
ബെംഗളൂരുവിലെ വിദ്യാരാണ്യപുരത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവപ്പ് എസ്.യു.വി. കടന്നുപോകുന്നതും അതിന്റെ സൺറൂഫിലൂടെ ഒരു കുട്ടി പുറത്തേക്ക് തലയിട്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. റോഡിലൂടെ വാഹനം മുന്നോട്ട് പോവുകയും കുട്ടി സൺറൂഫ് യാത്ര ആസ്വദിക്കുന്നതിനിടയിൽ, പെട്ടെന്ന് ഒരു ട്രാഫിക് ബാരിയർ കുട്ടിയെ ശക്തമായി ഇടിക്കുകയാണ്. എങ്കിലും, വാഹനം നിർത്താതെ മുന്നോട്ട് പോവുകയാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
@nammabengaluroo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിലുള്ള കുറിപ്പ് ഇങ്ങനെയാണ്, “നിങ്ങളുടെ കുട്ടികളെ സൺറൂഫിന് പുറത്തേക്ക് നിർത്തരുത്. ഇത് അപകടകരമാണ്. രക്ഷിതാക്കളെന്ന നിലയിൽ നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സംരക്ഷിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കുട്ടിയുടെ പകുതി ശരീരവും സൺറൂഫിന് പുറത്തായിരുന്നു, ഡ്രൈവർ തടസ്സം കണ്ടില്ല. വാഹനം മുന്നോട്ട് പോവുകയും കുട്ടിയുടെ തല ബാരിയറിൽ ഇടിക്കുകയും ചെയ്തു. ചുവപ്പ് എക്സ്.യു.വി. 300 കാറാണിത്. ബെംഗളൂരുവിലെ വിദ്യാരാണ്യപുരത്താണ് ഇത് സംഭവിച്ചത്.”
കാറിൽ നിന്ന് തല പുറത്തേക്കിടുന്നത് എത്ര അപകടകരമാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കാത്തത് ഭയാനകമാണെന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ‘ഇത് പോലെ വാഹനമോടിക്കുന്ന എല്ലാവർക്കും ഒരു മുന്നറിയിപ്പായിരിക്കണം, ഒരു രക്ഷിതാവ് അല്ലെങ്കിൽ ഡ്രൈവർ എന്ന നിലയിൽ നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, വാഹനമോടിക്കുമ്പോൾ ആരെയും സണ്‍റൂഫ് തുറക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.
മറ്റൊരു വീഡിയോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, അതിൽ യുവദമ്പതികൾ കാറിൽ സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നത് പകർത്തിയിട്ടുണ്ട്. ചണ്ഡീഗഢ്-മണാലി നാലുവരി പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ദമ്പതികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഹരിയാനയിലെ ഗുഹ്ല ഗ്രാമത്തിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രികനാണ് ഈ വീഡിയോ പകർത്തിയത്.




