Movie News

സിനിമാമേഖലയ്ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കി ; കന്നഡ സൂപ്പര്‍താരം അറസ്റ്റിലായ കേസില്‍ പ്രതികരിച്ച് എതിരാളി സുദീപ്

രേണുകാസ്വാമി എന്നയാളുടെ കൊലപാതകക്കേസില്‍ കന്നഡയിലെ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപയും കാമുകിയും അറസ്റ്റിലയാത് കന്നഡ സിനിമാവേദിയെ മാത്രമല്ല ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാമേഖലയെ തന്നെ ഞെട്ടിച്ച സംഭവമാണ്. ദര്‍ശന്‍ അറസ്റ്റിലായതില്‍ തന്റെ പതികരണം നിര്‍ഭയം പുറത്തുവിട്ടിരിക്കുകയാണ് കന്നഡത്തിലെ മറ്റൊരു സൂപ്പര്‍താരവും ദര്‍ശന്റെ എതിരാളിയുമായ കിച്ചാസുദീപ്.

ഈ കേസിനെ തുടര്‍ന്ന് സിനിമാ മേഖലയെ ആളുകള്‍ കുറ്റപ്പെടുത്തുകയാണെന്നും കുറ്റവാളി സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ള ആളായതിനാല്‍ കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും സുദീപ് നിരീക്ഷിച്ചു. ദര്‍ശന്റെ പേര് പരാമര്‍ശിക്കാതെ സുദീപ് പറഞ്ഞു, ‘ഞങ്ങള്‍ വിവരം അറിയാന്‍ പോലീസ് സ്റ്റേഷനില്‍ പോകാത്തതിനാല്‍ മാധ്യമങ്ങള്‍ കാണിക്കുന്നതിനെക്കുറിച്ച് മാത്രമേ ഞങ്ങള്‍ക്ക് അറിയൂ, സത്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളും പോലീസും കഠിനാധ്വാനം ചെയ്യുന്നതായി തോന്നുന്നു. .അതില്‍ സംശയമില്ല.

രേണുകസ്വാമിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സുദീപ് ആവശ്യപ്പെട്ടു. ‘ആ കുടുംബത്തിന് നീതി കിട്ടണം. ആ പെണ്‍കുട്ടിക്ക് നീതി കിട്ടണം. തെരുവില്‍ മരിച്ച രേണുകസ്വാമിക്ക് നീതി കിട്ടണം. ഗര്‍ഭസ്ഥ ശിശുവിന് നീതി കിട്ടണം. എല്ലാറ്റിനുമുപരിയായി എല്ലാവര്‍ക്കും നീതിയില്‍ വിശ്വാസമുണ്ടാകണം, ഈ കേസില്‍ നീതി നിലനില്‍ക്കണം,’ അദ്ദേഹം വിശദീകരിച്ചു. കൊലക്കേസും തുടര്‍ന്നുള്ള നടന്റെ അറസ്റ്റും കന്നഡ സിനിമാലോകത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും സുദീപ് കരുതുന്നു. ‘എല്ലാവരുടെയും ഹൃദയം ആ കുടുംബത്തിലേക്ക് ഒഴുകുന്നു, അന്തരീക്ഷം ശരിയല്ല ഒന്നോ രണ്ടോ പേര്‍ മാത്രമല്ല, കുറ്റവാളിയെ ശിക്ഷിച്ചാല്‍ സിനിമാലോകത്തിന് ആശ്വാസം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സാന്‍ഡല്‍വുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളും മുമ്പ് അടുത്ത സുഹൃത്തുക്കളുമായിരുന്ന സുദീപും ദര്‍ശനും പിന്നീട് പൊരുത്തപ്പെടുത്താനാവാത്ത അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകുകയും പിരിയുകയും ചെയ്തവരാണ്. കേസില്‍ ദര്‍ശന്‍ തോഗുദീപയും പങ്കാളി പവിത്ര ഗൗഡയും മറ്റ് 10 പേരെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്.