കൊല്ലം: ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ലാവിഷ്’ ടെക്‌സ്‌റ്റൈയില്‍സിന്റെ ഉടമ കോഴിക്കോട് സ്വദേശി അലി, ഓഫീസ് മാനേജരായ പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മറ്റു ജീവനക്കാരെത്തിയപ്പോള്‍ കട അടച്ചനിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് ഇരുവരും രണ്ടു ഫാനിലായി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍ ചടയമംഗലം പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
അലി ഒരു വര്‍ഷമായി ഇവിടെ ടെക്‌സ്‌റ്റൈല്‍സ് നടത്തിവരികയാണ്. ജനത്തിരക്കുള്ള ആയൂര്‍ ടൗണില്‍നിന്നു മാറിയായിരുന്നു സ്ഥാപനം. അതിനാല്‍ സ്ഥാപനത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. അലിയുമായി കടയിലെ ഓഫീസ് മാനേജരായ ദിവ്യമോള്‍ അടുത്ത സൗഹൃദത്തിലായിരുന്നെന്നു ജീവനക്കാര്‍ പോലീസില്‍ മൊഴിനല്‍കി.
സ്ഥാപനത്തിന്റെ നടത്തിപ്പും ഉത്തരവാദിത്വവും മറ്റും ദിവ്യമോളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഒന്നിച്ചാണ് ബംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ദിവ്യമോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. എന്തെങ്കിലും പര്‍ച്ചേസിനു പോയിരിക്കാമെന്നാണു വീട്ടുകാര്‍ കരുതിയത്. എന്നാല്‍, ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷണം ആരംഭിച്ചു.
രണ്ടു പെണ്‍കുട്ടികളുടെ മാതാവാണ് ദിവ്യമോള്‍. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലാത്തിനാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദമായി പരിശോധിക്കും. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.




