Crime

രാഹുൽ അവിവാഹിതൻ; ഉഭയസമ്മതത്തോടെ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എന്താണ് തെറ്റ്- ഹൈക്കോടതി

കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു.

 മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക്‌ എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.

 ‘സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി അനുവദനീയമാണ്. എത്രവേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാൻ അയാൾക്ക് കഴിയും. അതിൽ എന്തു തെറ്റാണുള്ളത്? അയാൾ വിവാഹിതനല്ല. ധാർമ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയമാണ്…നിയമപരമായി, വിവാഹിതയായ ഒരാളുമായി പോലും സമ്മതത്തോടെയുള്ള ബന്ധം അനുവദനീയമാണ്. അപ്പോൾ പിന്നെ വിവാഹിതനല്ലാത്ത ഒരാൾക്ക് ഇത്രയധികം ആളുകളുമായി സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ എന്തു തെറ്റാണുള്ളത്?’ കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കലാണ് ഇന്ന് ഹൈക്കോടതിയിലുണ്ടായത്.

ലൈംഗിക ബന്ധം പ്രഥമദൃഷ്ട്യാ പരസ്പര സമ്മതത്തോടെയാണെന്ന് വാക്കാലായി പറഞ്ഞ കോടതി അതേസമയം ഭീഷണിയടക്കമുള്ള കാര്യങ്ങൾ പ്രത്യേകമായി കാണണമെന്നും വ്യക്തമാക്കി. തുടക്കത്തിൽ ബന്ധം സമ്മതത്തോടെയായിരുന്നുവെങ്കിലും പിന്നീട് ബലം പ്രയോഗിച്ചുവെന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബലം പ്രയോഗിച്ചുള്ള ലൈംഗിക പീഡനം നടന്നുവെന്ന ആരോപണത്തിനിടയിലും, പരാതിക്കാരി രാഹുലിന്റെ കൂടെ പോയി താമസിച്ചതായും കോടതി എടുത്ത് പറഞ്ഞു. പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. നഗ്‌ന വീഡിയോ കൈവശം വെക്കുന്നത് മറ്റൊരു കുറ്റമാണെന്നും അത് പ്രത്യേകം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. രാഹുലിന്റെ നിർബന്ധത്താലാണ് ഗർഭച്ഛിദ്രം നടന്നതെന്നും വാട്‌സാപ്പ് സന്ദേശങ്ങളുടേയും മറ്റും പശ്ചാത്തലങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി

എന്നാല്‍ കുട്ടി വേണമെന്നും നിര്‍ബന്ധ ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രഥമ വിവര മൊഴികള്‍ പരാമര്‍ശിച്ചാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഇത് പ്രകാരമാണ് പരാതിക്കാരിക്ക് എതിരാകുന്ന വിധത്തില്‍ ചില ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തുന്നത്. മൊഴികള്‍ പ്രകാരം പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുണ്ടായിരുന്നത് സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ലേ എന്നാണ് കോടതി ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍, പരാതിയില്‍ പറയുന്ന മാര്‍ച്ച് 17 ലെ സംഭവം ഗുരുതരമാണെന്ന സൂചനയും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിക്കുന്നു.