Good News

ഒന്നാം സമ്മാനം 12 കോടി ഭാര്യവിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരു കോടി ഭര്‍ത്താവ് വിറ്റ ടിക്കറ്റിനും; ഭാഗ്യദമ്പതികളായി മേരിയും ജോജോയും

ലോട്ടറിയടിക്കുന്നവരെപ്പോലെ തന്നെ ഭാഗ്യദേവത അനുഗ്രഹിക്കുന്നവരാണ് ലോട്ടറി ഭാഗ്യവാന്റെ കൈകളിലേയ്ക്ക് എത്തിക്കുന്നവരും എന്നാണ് നമ്മള്‍ മലയാളികള്‍ വിശ്വസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ പൂജാബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയതും രണ്ടാം സമ്മാനം കിട്ടിയതുമായ ലോട്ടറികള്‍ വില്‍പ്പന നടത്തിയ ദമ്പതികളെ ഭാഗ്യദേവത എ​‍‍ത്ര​മാത്രം അനുഗ്രഹിച്ചു കാണുമെന്നാണ് പറയേണ്ടത്.

കാസര്‍കോട് സ്വദേശികളായ ലോട്ടറി ഏജന്റ് ദമ്പതികള്‍ വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു 12 കോടി ഒന്നാം സമ്മാനവും ഒരു കോടി രണ്ടാം സമ്മാനവും വരുന്ന ലോട്ടറിടിക്കറ്റുകള്‍ അടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബമ്പര്‍ ജാക്ക്‌പോട്ട് നേടിയ ടിക്കറ്റ് മേരിക്കുട്ടി വിറ്റപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ടിക്കറ്റ് വിറ്റത് ഭര്‍ത്താവ് ജോജോ. ഭാഗ്യ ടിക്കറ്റ് ആര്‍ക്കാണ് കൈമാറിയതെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരുവരും.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നതിനാല്‍ അയല്‍ ജില്ലയില്‍ നിന്നുള്ള ആരെങ്കിലുമാകാം ഇതെന്ന് അവര്‍ കരുതുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭാരത് ലോട്ടറി ഏജന്‍സിയിലൂടെ ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു ദമ്പതികള്‍. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ 2013ല്‍ കാസര്‍കോട്ടേക്ക് താമസം മാറിയതാണ്. നേരത്തെ സമ്മാനാര്‍ഹമായ 2 ലക്ഷം, 3 ലക്ഷം, 5,000 രൂപയുടെ ടിക്കറ്റുകള്‍ വിറ്റിരുന്നുവെങ്കിലും ഇതാദ്യമായാണ് ബമ്പര്‍ വില്‍ക്കുന്നത്.കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ലോട്ടറി വില്‍പ്പനയാണ് ഇവര്‍ പ്രധാനമായും നടത്തുന്നത്. കാസര്‍കോട്ടെ ഏജന്‍സിക്ക് പുറമെ കാറില്‍ ലോട്ടറികളും ഇവര്‍ വില്‍ക്കുന്നുണ്ട്.