പട്ടാപ്പകല്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം കേരളത്തില്‍ ഉണ്ടാക്കിയ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സമാനസംഭവം കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലും. പട്ടാപ്പകല്‍ സ്‌കൂള്‍ അദ്ധ്യാപികയായ 23 കാരിയെ തട്ടിക്കൊണ്ടുപോയി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളില്‍ ഒരാളാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവത്തിന് പിന്നിലെന്നാണ് വിവരം.
രാവിലെ എട്ട് മണിയോടെ ബിട്ടഗൗഡനഹള്ളി ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന യുവതിയെ ബന്ധുവായ രാമുവും രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇര സഹായത്തിനായി നിലവിളിക്കുന്നതും ആളുകള്‍ അവളെ സാവധാനം നീങ്ങുന്ന എസ് യുവിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ 15 ദിവസം മുമ്പ് വിവാഹാലോചനയുമായി വരന്റെ വീട്ടുകാര്‍ എത്തിയപ്പോള്‍ ഇര തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും യുവതിയുടെ കുടുംബം പറഞ്ഞു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രതി ഉപദ്രവിച്ചതായും ഇപ്പോള്‍ മകളെ തട്ടിക്കൊണ്ടുപോയെന്നുമാണ് യുവതിയുടെ മാതാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കേസെടുത്ത പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അതേസമയം തട്ടിക്കൊണ്ടു പോയ ദിവസം കനക ദാസ ജയന്തി പ്രമാണിച്ച് സ്‌കൂള്‍ അവധിയായിരുന്നെന്ന് വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരെ ചോദ്യം ചെയ്ത് വരികയാണ്. നവംബര്‍ 21 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് 19 കാരിയായ പെണ്‍കുട്ടിയെ മുഖംമൂടി ധരിച്ച രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയിരുന്നു. മുഖംമൂടി ധരിച്ച അജ്ഞാതരായ രണ്ട് പുരുഷന്മാര്‍ യുവതിയെ ബലമായി ഉയര്‍ത്തി ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കാണാം.