വിവാഹ പാര്‍ട്ടിയില്‍ വിളമ്പുന്ന ചിക്കന്‍ കഷണങ്ങളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ്് കുത്തേറ്റു മരിച്ചു. കര്‍ണാടക ബെലഗാവിയില്‍ നടന്ന സംഭവത്തില്‍ വിവാഹത്തലേന്ന് രാത്രിയിലുണ്ടായ സംഭവമായിരുന്നു എല്ലാറ്റിനും കാരണമായത്. വിവാഹവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
യാരഗട്ടി പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് അഭിഷേക് കൊപ്പാട് എന്നയാളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വിനോദ് എന്ന യുവാവാണ് മരണമടഞ്ഞത്. അഭിഷേകിന്റെ കൃഷിയിടത്തില്‍ ഒരു അത്താഴവിരുന്നിനിടെയാണ് സംഭവം. കോഴിയിറച്ചിയുടെ എണ്ണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്ത് വിത്തല്‍ ഹരുഗോപ്പ്, 30 വയസ്സുള്ള വിനോദ് മലഷെട്ടി എന്നയാളെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. സംഘര്‍ഷം മൂര്‍ച്ഛിച്ച് വിത്തല്‍ വിനോദിനെ കുത്തുകയായിരുന്നു.
പരിക്കുകള്‍ മാരകമായിരുന്നുവെന്നും, ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുറഗോഡ പോലീസ് സ്ഥലം സന്ദര്‍ശിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കഷണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ബെലഗാവി ജില്ലാ പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് സ്ഥിരീകരിച്ചു.
”ചിക്കന്‍ കഷണങ്ങള്‍ വിളമ്പുന്നതിനെച്ചൊല്ലി അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുറ്റകൃത്യം നടക്കുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു,” ഗുലേദ് പറഞ്ഞു. ഈ മാസം ആദ്യം, ബെംഗളൂരുവിലെ ഒരു കഫേയില്‍ അധിക കപ്പ് നല്‍കാന്‍ വിസമ്മതിച്ചതിന് നാല് പേര്‍ ഒരു ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചിരുന്നു.
ജൂലൈ 2 ന് വൈകുന്നേരം ശേഷാദ്രിപുരത്തെ ഒരു പ്രശസ്തമായ കോഫി ഷോപ്പിലാണ് സംഭവം നടന്നത്. നാല് പേരടങ്ങുന്ന സംഘം കുറച്ച് കാപ്പി വാങ്ങിയ ശേഷം ഒരു കപ്പ് കൂടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജീവനക്കാരന്‍ മാന്യമായി അത് നിരസിക്കുകയും പകരം മറ്റൊരു കാപ്പി വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ അവര്‍ അദ്ദേഹത്തെ ആക്രമിച്ചു.




