Crime

നടിയെ ക്വട്ടേഷൻ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി; കുഞ്ഞിന് വേണ്ടി ഭര്‍ത്താവ് ചെയ്തതാണെന്ന് പരാതി

കന്നഡ സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം  തട്ടിക്കൊണ്ടുപോയതായി പരാതി. 2023ല്‍ വിവാഹിതരായ ചൈത്രയും ഹർഷവർദ്ധനും കഴിഞ്ഞ എട്ടുമാസമായി അകന്നാണ് കഴിയുന്നത്.   താരത്തെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. 

ഇതിനു ശേഷവും ചൈത്ര സീരിയൽ അഭിനയം തുടർന്നിരുന്നു. ഡിസംബർ ഏഴിന് മൈസൂരുവിലേക്ക് ഷൂട്ടിങിന് പോകവെയാണ് ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തു വച്ചാണ് ചൈത്രയെ ബലമായി കാറിൽ ക‍യറ്റിക്കൊണ്ടുപോയത്.

ചൈത്ര സുഹൃത്തിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ വിവരം പറഞ്ഞതിനു പിന്നാലെയാണ് കുടുംബം ഈ കാര്യം അറിഞ്ഞത്. ഹർഷവർദ്ധൻ കൗശിക്ക് എന്നയാള്‍ക്ക് 20,000 രൂപ അഡ്വാൻസ് നല്‍കിയാണ് തട്ടിക്കൊണ്ടുപോയല്‍ ആസൂത്രണം ചെയ്തത്. കൗശിക്കാണ്  മൈസൂരു റോഡിലെ മെട്രോ സ്റ്റേഷനിലേക്ക് ചൈത്രയെ വിളിച്ചു വരുത്തിയത്. താരം സ്ഥലത്ത് എത്തിയതോടെ  ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റി കൊണ്ടുപോയി.


തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിച്ച് കുട്ടിയെ നൽകണമെന്നും എങ്കിൽ ചൈത്രയെ വെറുതെ വിടാമെന്നും ആവശ്യപ്പെട്ടു. നിലവിൽ ബംഗളൂരു പൊലീസ് ഹർഷവർദ്ധനെതിരെ കേസെടുത്തിട്ടുണ്ട്. വർധൻ എൻ്റർപ്രൈസസിന്‍റെ ഉടമയും സിനിമാ നിർമാതാവുംമാണ് ഹർഷവർദ്ധൻ.