ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്.
വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി ബന്ധിപ്പിച്ചിരിക്കുന്ന മനോഹരമായ ഗസീബോ എന്നിവയാണ് ഉള്‍പ്പെടുന്നത്. വില്ലയുടെ മാസ്റ്റര്‍ ബെഡ്റൂം ശാന്തമായ വാട്ടര്‍ വാള്‍ ഫൗണ്ടന്‍ ഉള്ള ഒരു സ്വകാര്യ പൂന്തോട്ടത്തിലേക്ക് തുറക്കുന്നത്. അവിടെ ദമ്പതികള്‍ പലപ്പോഴും ചിലവഴിയ്ക്കാറുണ്ട്. വിശാലമായൊരു സ്വീകരണമുറിയാണ് ഈ വില്ലയില്‍ ഒരുക്കിയിരിയ്ക്കുന്നത്. താരദമ്പതികള്‍ ഇരുവരും ചേര്‍ന്ന് തിരഞ്ഞെടുത്ത പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍, അലങ്കാരങ്ങള്‍, പാത്രങ്ങള്‍ എന്നിവയ്ക്കൊപ്പം ദമ്പതികളുടെ ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫുകള്‍ കൊണ്ടാണ് ഇവിടം അലങ്കരിച്ചിരിയ്ക്കുന്നത്.
ഈ പ്രോപ്പര്‍ട്ടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കിണര്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. വില്ലയുടെ ഇന്റീരിയര്‍ ദമ്പതികളുടെ ആശയപ്രകാരമാണ് ചെയ്തിരിയ്ക്കുന്നത്. പോര്‍ച്ചുഗീസ് ശൈലിയിലാണ് വില്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും ഒരാള്‍ക്ക് ആഗ്രഹിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. വില്ലയുടെ താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡൈനിംഗ് റൂം, സ്വീകരണമുറി, സ്വകാര്യ കുളം, രണ്ട് കിടപ്പുമുറികള്‍ എന്നിവ കാണാം. മുകളിലത്തെ നിലയില്‍ മൂന്ന് കിടപ്പുമുറികളും വിശ്രമിക്കുന്ന വാട്ടര്‍ വാള്‍ ഫീച്ചറും അടങ്ങിയിരിക്കുന്നു.
ഇത്രയും ആഡംബരം നിറഞ്ഞ കജോളിന്റെയും അജയ്യുടെയും വില്ലയില്‍ ആര്‍ക്കും താമസിയ്ക്കാനുള്ള അവസരവും ഉണ്ട്. ഒരു രാത്രിക്ക് 50,000 രൂപയാണ് ഈ വില്ലയില്‍ താമസിക്കുന്നതിനായി മുടക്കേണ്ടത്. അതിഥികള്‍ക്ക് എല്ലാ ആഡംബരങ്ങളും ഇവിടെ ആസ്വദിക്കാം. താജ് ഗ്രൂപ്പാണ് വില്ലയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്.