റാംപൂര്‍: തന്റെ സമയം ഭര്‍ത്താവിനും കാമുകനുമായി തുല്യമായി വീതിച്ചു നല്‍കാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം പഞ്ചായത്തിനെ ഞെട്ടിച്ചു. റാംപൂര്‍ ജില്ലയില്‍ വ്യാപകശ്രദ്ധ നേടിയ സംഭവത്തില്‍ ഓരോ മാസത്തിലെയും 15 ദിവസം ഭര്‍ത്താവിനൊപ്പവും 15 ദിവസം കാമുകനൊപ്പവും ചെലവഴിക്കാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.
യുവതിയുടെ ഈ അസാധാരണ ആവശ്യം ഇപ്പോള്‍ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. പലരും യുവതിയുടെ ‘ഭൂട്ടാന്‍ മോഡല്‍’ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. ഭൂട്ടാനിലെയും ഹിമാലയന്‍ മേഖലയിലെയും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ആചാരമായ ‘ബഹുഭര്‍ത്തൃത്വം’ എന്നതിനെ അനുകരിച്ചാണ് യുവതിയുടെ ഈ നീക്കം.
ഈ സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ അനുവാദമുണ്ട്. പൂര്‍വ്വികസ്വത്തായ ഭൂമി വിഭജിക്കപ്പെടുന്നത് തടയാന്‍ സഹോദരന്മാര്‍ ഒരേ സ്ത്രീയെ വിവാഹം കഴിക്കുന്നത് ഇവിടെ സാധാരണമാണ്. ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഈ ആചാരത്തിന് സാംസ്‌കാരികപരമായ അംഗീകാരമുണ്ടെങ്കിലും. ഇപ്പോഴത്തെ കാലത്ത് അവിടെപ്പോലും ഇത് അപൂര്‍വമാണ്.
സംഭവം ഗ്രാമത്തില്‍ മാത്രമല്ല, റാംപൂര്‍ ജില്ലയിലാകെ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. തന്റെ നിര്‍ദ്ദേശത്തെ ന്യായീകരിക്കാന്‍ യുവതി ഭൂട്ടാനെ ഉദ്ധരിച്ചെങ്കിലും, ഇന്ത്യന്‍ നിയമം ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുന്നില്ല. ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമം, മുസ്ലീം വ്യക്തിനിയമം, മറ്റ് നിയമപരമായ ചട്ടക്കൂടുകള്‍ എന്നിവയനുസരിച്ച് ബഹുഭര്‍ത്തൃത്വം, അതായത് നിയമപരമായി ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരുണ്ടാകുന്നത് അനുവദനീയമല്ല. റാംപൂരിലെ അഭിഭാഷകര്‍ പറയുന്നതനുസരിച്ച്, യുവതി തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെ കാമുകനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചാല്‍ അത് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഭര്‍ത്താവിന് വ്യഭിചാരത്തിന് കേസ് ഫയല്‍ ചെയ്യുകയോ ക്രൂരതയുടെയോ ഉപേക്ഷിക്കലിന്റെയോ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുകയോ ചെയ്യാം.
ചിലര്‍ യുവതിയുടെ ഈ പ്രവൃത്തിയെ സാമൂഹിക നിയമങ്ങളോടുള്ള വെല്ലുവിളിയായി കാണുമ്പോള്‍, മറ്റു ചിലര്‍ മാറുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പുകളും പരമ്പരാഗത ഗ്രാമീണ സമൂഹവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇതിനെ വിശേഷിപ്പിക്കുന്നു. എങ്കിലും, പഞ്ചായത്ത് അംഗങ്ങള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഈ കേസ് പോലീസിന്റെ ശ്രദ്ധയിലാണുള്ളത്.




