Crime

വീട്ടമ്മയുമായി വെറും 3 ദിവസത്തെ ഫെയ്സ്‌ബുക്ക് ചാറ്റ്; അടിച്ചെടുത്തത് 10 പവന്‍ സ്വർണം, കൈയ്യോടെ പൊക്കി

ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട് വെറും മൂന്നുദിവസത്തിനുള്ളില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 10 പവന്‍ സ്വര്‍ണം. കോഴിക്കോട് വളയനാട് സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് വിശ്വസിച്ച വീട്ടമയെ പറ്റിച്ച് പണം തട്ടിയത്. ഫെയ്സ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഷനീര്‍ കോട്ടിക്കുളം വീട്ടമ്മയുമായി സൗഹൃദത്തിലായത്. വീട്ടമ്മയുടെ കൈയിലുള്ള സ്വര്‍ണം കുറഞ്ഞ പലിശനിരക്കില്‍ പണയം വയ്ക്കാന്‍ സഹായിക്കാമെന്നു മാത്രമല്ല, ബാങ്ക് നല്‍കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണവും വാഗ്ദാനം ചെയ്തു. ഇതോടെ വീട്ടമ്മ ഷനീറിനെ വിശ്വസിച്ചു.

കോഴിക്കോട് വളയനാട് ക്ഷേത്രത്തിന് സമീപം ആള്‍ക്കൂട്ടത്തിനിടയില്‍വച്ചാണ് സ്വര്‍ണം വീട്ടമ്മ ഷനീറിന് കൈമാറിയത്. സ്വര്‍ണം തൂക്കി നോക്കി ഉടന്‍ പണവുമായി വരാമന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി മുങ്ങി. തുടര്‍ന്ന് വീട്ടമ്മയെ ഫെയ്സ്‌ബുക്കില്‍ ബ്ലോക്കും ചെയ്തു. ഇതോടെയാണ് വീട്ടമ്മ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്.

രണ്ടുദിവസം കൊണ്ട് കാസര്‍കോട് നിന്ന് ഷനീറിനെ പൊലീസ് പിടികൂടി. വീട്ടമ്മ കൈമാറിയ മുഴുവന്‍ സ്വര്‍ണവും പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ നീലേശ്വരം പൊലീസിലും മോഷണക്കേസുകളുണ്ട്. കുറച്ചുമാസം മുന്‍പ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ത്രീയെയും സമാനരീതിയില്‍ ഷനീര്‍ തട്ടിപ്പിനിരയാക്കിയിരുന്നു.