Featured Spotlight

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ മുഖ്യമന്ത്രിയുടെ സമരത്തിനെത്താതെ ജോസ് കെ മാണിയും ശ്രേയാംസ്‌കുമാറും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിന് ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം.

മന്ത്രി റോഷി അഗ്‌സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ പ്രതിനീധികരിച്ച് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ. മാണി, ഇന്ന് സത്യഗ്രഹത്തിനും വരാതിരുന്നതോടെ മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന അഭ്യൂഹത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ.മാണിയെയാണ്. എന്നാല്‍ എന്‍.ജയരാജിനെ ക്യാപ്റ്റന്‍ സ്ഥാനം എല്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി 6ന് അങ്കമാലിയില്‍ ആരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്ചയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്ന വികാരം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വികാരം നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായും സൂചനയുണ്ട്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചു പോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ കരുതുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നു.