ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്‌റ്റാഴ്‌സ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ എ ഫൈനല്‍ കാണാതെ മടങ്ങിയതിനു പിന്നാലെ തോല്‍വിയിലെ ന്യായീകരണവുമായി നായകന്‍ ജിതേഷ് ശര്‍മ.
ബംഗ്ലാദേശ് എ ടീമിനെതിരായ സെമി ഫൈനല്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്നു ജിതേഷ് ശര്‍മ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യക്കായി കളിച്ചത്. സൂപ്പര്‍ ഓവറില്‍ റിപുണ്‍ മോണ്ടല്‍ എറിഞ്ഞ ഒന്നും രണ്ടും പന്തുകളില്‍ നായകന്‍ ജിതേഷ് ശര്‍മയും (0) അശുതോഷ് ശര്‍മയും (0) പുറത്തായി. ഒരു റണ്ണായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം.
സൂയാസ് ശര്‍മ എറിഞ്ഞ ആദ്യ പന്തില്‍ യാസിര്‍ അലി (0) പുറത്തായി. അടുത്ത പന്ത് വൈഡായതോടെ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്ന് ഫൈനലിലേക്ക്. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്ണെടുത്ത വൈഭവ് സൂര്യവംശി പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് പറഞ്ഞു. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അന്തിമ തീരുമാനം എടുത്തത് താന്‍ തന്നെയാണെന്നും ജിതേഷ് പറഞ്ഞു. അവസാന രണ്ടോവറുകളില്‍ 21 റണ്ണാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ അഞ്ച് റണ്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയത്. 20-ാം ഓവറില്‍ ഒരു സിക്‌സറും ഫോറുമടിച്ച അശുതോഷ് ശര്‍മ പ്രതീക്ഷ നല്‍കി. റാക്കിബുല്‍ ഹസന്റെ അഞ്ചാം പന്തില്‍ അശുതോഷ് പുറത്തായി. അതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍. അവസാന പന്തില്‍ ഹര്‍ഷ് ദുബെ മൂന്ന് റണ്‍ ഓടിയെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ടോസ് നേടിയ ജിതേഷ് ശര്‍മ ബംഗ്ലാദേശ് എ യെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.ഓപ്പണര്‍ ഹബിബുര്‍ റഹ്‌മാന്‍ സോഹന്‍ (46 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമടക്കം 65), മെഹറൂബ് (18 പന്തില്‍ ആറ് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 48) എന്നിവരുടെ പ്രകടനമാണു ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്നു നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശ് പാകിസ്‌താന്‍ ഷഹീന്‍സിനെ നേരിടും.
പാകിസ്‌താന്‍ ഷഹീന്‍സ് ശ്രീലങ്ക എയെ അഞ്ച് റണ്ണിനു തോല്‍പ്പിച്ചാണു ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ ഒന്‍പത് വിക്കറ്റിന് 153 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്ക എ 148 റണ്ണിന് ഓള്‍ഔട്ടായി. പാകിസ്‌താനായി സാദ് മസൂദ്, സൂഫിയാന്‍ മുഖ്വീം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഉബൈദ് ഷാ, ഷാഹിദ് അസീസ്, അഹമ്മദ് ദാനിയാല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 22 റണ്ണെടുക്കുകയും മൂന്ന് വിക്കറ്റെടുക്കുകയും ചെയ്‌ത സാദ് മസൂദാണു വിജയ ശില്‍പ്പി.




