Featured Movie News

ജവാന്റെ കളക്ഷന്‍ 1143 കോടി; ലോകേഷ് കനകരാജിനും വിജയ് യ്ക്കും ചെക്ക് വെച്ച് ആറ്റ്‌ലി

തമിഴിലെ ആധുനിക കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌മേക്കേഴ്‌സാണ് സംവിധായകന്‍മാരായ ആറ്റ്‌ലിയും ലോകേഷ് കനകരാജും. തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചവര്‍ എന്നതിന് പുറമേ പാന്‍ ഇന്ത്യന്‍ എന്ന് കരുതാവുന്ന രണ്ടു വമ്പന്‍താര ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ പുറകേപുറകേ എത്തുകയും ചെയ്തു.ഷാരൂഖിനെ നായകനാക്കി ജവാനുമായി ആദ്യം വന്നത് ആറ്റ്‌ലിയായിരുന്നു. സിനിമ 1000 കോടി കളക്ഷന്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജയ് നായകനായ ലിയോയും വന്നത്.

ആഗോളമായി വന്‍ ഹൈപ്പ് കൊടുത്ത് അവതരിപ്പിച്ച സിനിമ ഫാന്‍സിന്റെ ആദ്യത്തെ ബഹളത്തിന് ശേഷം രണ്ടു ദിവസത്തിന് ശേഷം നിരൂപകര്‍ കണ്ടപ്പോള്‍ പ്രതീക്ഷിച്ചത്ര ഇല്ല എന്ന് അഭിപ്രായം വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ സിനിമയ്ക്ക് കിട്ടിയ മൊത്തം കളക്ഷന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ആറ്റ്‌ലി ലോകേഷ് കനകരാജിന് ചെക്ക് വെച്ചിരിക്കുകയാണ്. അതായത് മൊത്തം 1143.59 കോടിയാണ് ജവാന്‍ ആഗോളമായി നേടിയത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ലിയോയേയും 1000 കോടിയില്‍ കയറ്റേണ്ട ബാദ്ധ്യതയിലാണ് ലോകേഷ്. എന്നാല്‍ ദിനംപ്രതി നെഗറ്റീവ് റിവ്യൂകള്‍ വരുന്നതിനാല്‍ ലിയോയുടെ കളക്ഷന്‍ 1000 കോടി കവിയുമോ എന്നത് സംശയമാണെന്നാണ് ഈ ഘട്ടത്തിലെ വിലയിരുത്തല്‍.

ഇതിന് പുറമേ തമിഴ്‌സിനിമയുടെ അണിയറയില്‍ നിന്നും മറ്റൊരു കഥയും തമിഴ്‌സിനിമാ മാധ്യമങ്ങള്‍ പടച്ചു വിടുന്നണ്ട്. പ്രതീക്ഷിച്ച വിജയം നേടാതിരുന്ന വാരിസു പൂര്‍ത്തിയാക്കിയ സൂപ്പര്‍താരം ദളപതി വിജയ് അറ്റ്ലിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ പോകുന്നതായി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയ് ആറ്റ്‌ലിയെ ചതിച്ച് ലോകേഷുമായി ചേര്‍ന്ന് ലിയോയില്‍ അഭിനയിക്കാന്‍ പോയെന്നും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയ ഈ തിരിച്ചടിയില്‍ അറ്റ്‌ലി വല്ലാതെ ഞെട്ടിയെന്നുമാണ് തമിഴ്മാധ്യമങ്ങള്‍ പറയുന്നത്.