Featured Sports

ബുംറയുടെ യോർക്കറില്‍ ഇഷാന്റെ കാൽവിരലിന് പരിക്കേറ്റു, നമീബിയക്കെതിരായ മത്സരത്തില്‍ ആശങ്ക

ന്യൂഡൽഹി: ഇന്ത്യ – നമീബിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷണൽ നെറ്റ് സെഷനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ കാൽവിരലിന് പരിക്കേറ്റത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ ആശങ്കയിലാഴ്ത്തി.

പരിശീലനത്തിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറ എറിഞ്ഞ മൂർച്ചയുള്ള യോർക്കർ ഇടതുകാലിൽ അടിച്ചതിനെത്തുടർന്ന് കിഷൻ കടുത്ത വേദനയിലായിരുന്നു. ബുംറ, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ എന്നിവരെ നേരിടാനായി നെറ്റ്സിൽ ആദ്യമായി എത്തിയത് കിഷനായിരുന്നു.

പന്തേറ്റതിന് പിന്നാലെ വേദന കൊണ്ട് മുഖം ചുളിച്ച കിഷൻ നെറ്റ്സിൽ നിന്ന് പുറത്തിറങ്ങി നിലത്തിരുന്നു. ഉടൻ തന്നെ ടീം ഫിസിയോതെറാപ്പിസ്റ്റുകൾ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകി. ഏതാനും മിനിറ്റുകൾക്ക് ശേഷം കിഷൻ നഗ്നപാദനായി നടക്കാൻ ശ്രമിച്ചു. അല്പം മുടന്തുണ്ടായിരുന്നെങ്കിലും പരിക്ക് ആദ്യം ഭയപ്പെട്ട അത്ര ഗുരുതരമല്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഉടൻ തന്നെ ഷൂ ധരിച്ച് വീണ്ടും ബാറ്റിംഗിനിറങ്ങിയ അദ്ദേഹം കുറച്ച് പന്തുകൾ കൂടി നേരിട്ട ശേഷം ഒരു സ്റ്റാഫ് അംഗത്തോടൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.

കിഷൻ ഉന്മേഷവാനായി കാണപ്പെട്ടെങ്കിലും നടക്കുമ്പോൾ ചെറിയ രീതിയിൽ മുടന്തുന്നുണ്ടായിരുന്നു. ഒരു മുൻകരുതൽ എന്ന നിലയിലാണോ അതോ സഞ്ജു സാംസണ് കൂടുതൽ സമയം ബാറ്റിംഗ് പരിശീലനം നൽകാനാണോ അദ്ദേഹം സെഷൻ അവസാനിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അഭിഷേക് ശർമ്മയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ചത്തെ മത്സരത്തിന് ഇഷാൻ കിഷൻ പൂർണ്ണ കായികക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വയറ്റിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിഷേക് ശർമ്മയ്ക്ക് കളിക്കാനായില്ലെങ്കിൽ വ്യാഴാഴ്ചത്തെ മത്സരത്തിൽ സഞ്ജു സാംസൺ കളത്തിലിറങ്ങിയേക്കും.

അഭിഷേകിന് ഇപ്പോൾ ഭേദമുണ്ടെന്നും എന്നാൽ മത്സരദിവസം മാത്രമേ അദ്ദേഹം കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും തിലക് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, അഭിഷേകിനെ തിടുക്കപ്പെട്ട് ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ മുതിർന്നേക്കില്ല. പ്രത്യേകിച്ച്, ഞായറാഴ്ച കൊളംബോയിൽ പാകിസ്ഥാനെതിരെയുള്ള നിർണ്ണായക മത്സരം വരാനിരിക്കെ താരത്തിന് വിശ്രമം നൽകാനാണ് സാധ്യത.

നമീബിയക്കെതിരെ ഇഷാനൊപ്പം ആര് ഓപ്പൺ ചെയ്യും?

ഇഷാൻ കിഷൻ പൂർണ്ണ കായികക്ഷമത വീണ്ടെടുത്താൽ, നമീബിയക്കെതിരെ സഞ്ജു സാംസണും ഇഷാനും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഫോം കണ്ടെത്താൻ വിഷമിക്കുന്ന സഞ്ജു, കഴിഞ്ഞ രണ്ട് ദിവസവും നെറ്റ്സിൽ സജീവമായിരുന്നു. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഫോമിലുള്ള ഇഷാൻ കിഷന് മുൻഗണന നൽകിയതിനാൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

നിലവിൽ ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ പാകിസ്ഥാന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയെയും നെതർലൻഡ്‌സിനെയും തോൽപ്പിച്ച പാകിസ്ഥാൻ ആണ് ഒന്നാമത്. വ്യാഴാഴ്ച നമീബിയയെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് പട്ടികയിൽ ഒന്നാമതെത്താം.

Leave a Reply

Your email address will not be published. Required fields are marked *