Featured Good News

ഒരുപണിയും ചെയ്യാതെ പണം സമ്പാദിക്കാം; കേള്‍വിക്കാരനാകാന്‍ കോറിമോട്ടോ വാങ്ങുന്നത് 10,000 യെന്‍…!

കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുമ്പോള്‍ അത് മറ്റൊരാളോട് പങ്കുവെയ്ക്കുന്നത് മനസ്സിന്റെ ഭാരം വലിയ ഒരളവ് വരെ കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഒരുപക്ഷേ ആത്മഹത്യാ ചിന്തപോലും ഇങ്ങിനെ ചെയ്താല്‍ ഒഴിഞ്ഞുപോയെന്നു വരാം. എന്നാല്‍ നമ്മള്‍ പറയുന്നത് മുഴുവന്‍ ഇടയ്ക്ക് കയറാതെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ കഴിയുന്ന നല്ലൊരു കേള്‍വിക്കാരന്‍ വേണമെന്നതാണ്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ജപ്പാനിലും ഇപ്പോള്‍ കൊറിയയിലും വേണമെങ്കില്‍ നല്ലൊരു കേള്‍വിക്കാരനെ വാടകയ്ക്ക് എടുക്കനാകും. ഇങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സുഹൃത്തായോ പരിചയക്കാരനായോ കുടുംബാംഗമായോ പങ്കാളിയായോ ഒക്കെ ആള്‍മാറാട്ടം നടത്താന്‍ വാടകയ്ക്ക് കിട്ടുന്നയാളാണ് ജപ്പാനിലെ 38 കാരനായ ഷോജി മോറിമോട്ടോ. കഴിഞ്ഞ നാലു വര്‍ഷമായി ജാപ്പനീസ് സമൂഹത്തിന്റെ സംസാരം കേള്‍ക്കുന്ന കാര്യത്തില്‍ ഇയാള്‍ തന്റെ ക്ലയന്റുകള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു.

മോറിമോട്ടോ ഇപ്പോള്‍ ഒരു ടെലിവിഷന്‍ പരമ്പരയും മൂന്ന് പുസ്തകങ്ങള്‍ക്ക് വിഷമാകുകയും വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു സെഷനില്‍ 10,000 യെന്‍ ആണ് ഇയാള്‍ ഈടാക്കുന്നത്. ജീവിതത്തെ വഴിതിരിച്ചുവിട്ട ആഘാതകരമായ ഓര്‍മ്മകള്‍, ഉറ്റവരോടും ഉടയവരോടും വെളിപ്പെടുത്താന്‍ മടിക്കുന്ന അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു ദുര്‍ബ്ബല നിമിഷം എന്നിവയെല്ലാം ഇയാളുമായി പങ്കുവെയ്ക്കാം.

ഒരിക്കല്‍ വിവാഹമോചന രേഖകള്‍ ഫയല്‍ ചെയ്തപ്പോള്‍ ഒരു സ്ത്രീ തന്നോടൊപ്പം പോകാന്‍ മോറിമോട്ടോയെ നിയമിച്ചു. മറ്റൊരാള്‍ മൊറിമോട്ടോയെ ഉപയോഗിച്ചത് ഹെമറോയ്ഡ് സര്‍ജറി കണ്‍സള്‍ട്ടേഷനായി പോകുമ്പോള്‍ ഒപ്പം പോകാനായിരുന്നു. ടോക്കിയോയില്‍ നിന്ന് ഒസാക്കയിലേക്ക് മാറാന്‍ ബുള്ളറ്റ് ട്രെയിനില്‍ കയറുമ്പോള്‍ നാടകീയമായ യാത്രയയപ്പിനായി കൈവീശി യാത്രയയ്ക്കാനാണ് മറ്റൊരാള്‍ മൊറിമോട്ടോയെ വാടകയ്ക്ക് എടുത്തത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നതെന്നും പറയുന്നു.

ജപ്പാനിലെ തെക്കന്‍ പ്രദേശമായ കന്‍സായിയില്‍ വളര്‍ന്ന മോറിമോട്ടോ, തനിക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പറയത്തക്ക വൈദഗ്ദ്ധ്യം ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വെറുതേയിരിപ്പ് തന്നെ ഒരു ജോലിയാക്കി മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇപ്പോള്‍ ഏകദേശം 4,000 അന്വേഷണങ്ങള്‍ നിറവേറ്റിക്കഴിഞ്ഞു. ദിവസവും ഒന്നോ രണ്ടോ ക്ലയന്റുകളെങ്കിലും ഉണ്ട്. തന്റെ ഗിഗുകള്‍ക്കും റോയല്‍റ്റികള്‍ക്കുമിടയില്‍ കുടുംബം പോറ്റാനും മകനെ വളര്‍ത്താനുമൊക്കെ ഈ പങ്ക് കൊണ്ട് ഉപകാരപ്പെടുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.