Crime Featured

സംസ്കാരത്തിന്റെ ചെലവ്; പിതാവിന്റെ മൃതദേഹം 2 വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍, പെൻഷൻ തുക മുടങ്ങാതെ വാങ്ങി !

ശവസംസ്‌കാരച്ചെലവ് താങ്ങാൻ കഴിയാഞ്ഞതിനെ തുടർന്ന് മരണപ്പെട്ട പിതാവിന്റെ മൃതദേഹം രണ്ട് വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവെച്ച് റെസ്റ്റോറന്റ് ഉടമയായ യുവാവ്. ജപ്പാനിലാണ് സംഭവം. ഇക്കാലയളവിൽ ഇയാൾ പിതാവിന്റെ പെൻഷൻ തുക മുടങ്ങാതെ വാങ്ങുകയും ചെയ്തു.

ടോക്കിയോയിലെ ചൈനീസ് റെസ്റ്റോറന്റ് ഇയാൾ ഒരാഴ്ചയായി തുറക്കാതെ വന്നതിനെത്തുടർന്ന് ചില അയൽക്കാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.

നൊബുഹിക്കോ സുസുക്കി എന്ന യുവാവിനെ കാണാതെ വന്നതോടെ അദ്ദേഹത്തെ അടുത്തറിയുന്നവർ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരിന്നു. ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ അലമാരിയിൽ പിതാവിന്റെ അസ്ഥികൂടം കണ്ടെത്തുകയും വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ, 2023 ജനുവരിയിൽ തന്റെ പിതാവ് 86-ാം വയസ്സിൽ മരിച്ചതിന് ശേഷമാണ് താൻ മൃതദേഹം മറച്ചുവെച്ചതെന്ന് സുസുക്കി വെളിപ്പെടുത്തി. ശവസംസ്കാരച്ചടങ്ങുകൾക്ക് പണം നൽകാനാവില്ലെന്നും അതിനാൽ മൃതദേഹം മറയ്ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ശവസംസ്കാരം ചെലവേറിയതായിരുന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം പിതാവ് എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സുസുക്കി അവകാശപ്പെടുന്നു. പിതാവിന്റെ മരണത്തിൽ തനിക്ക് ഒരു തരത്തിലുള്ള കുറ്റബോധവും തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും മരിച്ചുപോയ പിതാവിന്റെ പെൻഷൻ അപഹരിച്ചതിന് സുസുക്കി ഇപ്പോൾ അറസ്റ്റിലാണ്.

ജപ്പാനിൽ പെൻഷൻ തട്ടിപ്പ് നടക്കുന്നത് ഇതാദ്യമല്ല. 2023-ൽ, 56-കാരി അമ്മയുടെ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി 2019 മുതൽ 2022 വരെ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചിരുന്നു. മാതാവിന്റെ പെൻഷനിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം യെൻ ആണ് യുവതി തട്ടിയെടുത്തത്. അതേസമയം, സോഷ്യൽ മീഡിയയിൽ ആളുകൾ ഈ സംഭവത്തോട് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ശവസംസ്കാരച്ചെലവിനെ ഓർത്ത് പലരും യുവാവിനോട് സഹതപിക്കുകയാണ് ചെയ്തത്.

ജാപ്പനീസ് ഫ്യൂണറൽ സർവീസ് പ്രൊവൈഡർ സാൻ ഹോൾഡിംഗ്സ് ഇൻക്. നടത്തിയ ഒരു സർവേ പ്രകാരം, COVID-19 പാൻഡെമിക്കിനെ തുടർന്ന് ഒരു ശവസംസ്കാരത്തിന് ഏകദേശം 1.3 ദശലക്ഷം യെൻ (US$8,900) ആണ് ചിലവാകുന്നത്. ആളുകൾ ഇപ്പോൾ ലളിതമായ ആചാരങ്ങൾ നടത്തുന്നതിനാൽ ഇത് പാൻഡെമിക്കിന് മുമ്പുള്ള വിലയേക്കാൾ കുറവാണ്, SCMP റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *