Celebrity

‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു.

സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് ഒരുപാട് ഉയര്‍ത്തി. ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുകള്‍ക്കുള്ള നോമിനേഷനുകളും ജാന്‍വിക്ക് ലഭിച്ചിട്ടുണ്ട്.അഭിനയത്തില്‍ മാത്രമല്ല ഫാഷനിലും അപ്ടുഡേറ്റാണ് താരം. പൊതുചടങ്ങുകളിലും മറ്റും ജാന്‍വിയെത്തുന്നത് വളരെ സ്റ്റൈലിഷായിട്ടാണ്. അതിമനോഹരമായ ഫാഷൻ സെൻസിലൂടെ ജാന്‍വി എല്ലായ്‌പ്പോഴും ആരാധകരെ ആകർഷിക്കാറുണ്ട്. കാഷ്വല്‍​ വെയറിലും എലഗന്റ് ലുക്കില്‍ താരം തിളങ്ങാറുണ്ട്. എപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ചിരിച്ച മുഖത്തോടു മാത്രമേ താരം ഇടപെടാറുള്ളൂ.

ഇപ്പോഴിതാ എയര്‍പോര്‍ട്ട് ലുക്കില്‍ സ്റ്റൈലിഷായി തിളങ്ങുന്ന താരം മുന്നിലെത്തിയ പാപ്പരാസികളോട് സംസാരിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ജാന്‍വി നടന്നു വരുന്നത് കണ്ട് മാധ്യമപ്രവര്‍ത്തകരിലാരോ ‘മാറി നില്‍ക്കൂ, മാഡത്തിന് പോകാന്‍ സ്ഥലം നല്‍കൂ…’ എന്നൊക്കെ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതു കേട്ടിട്ട് കൂള്‍ ലുക്കില്‍ ചിരിക്കുന്ന താരം ഒരു തഗ്ഗ് മറുപടിയും അതിന് കൊടുക്കുന്നുണ്ട്. ‘‘അഭിനേതാവാകാന്‍ താങ്കളാണ് മികച്ചത്, എന്തു നന്നായിട്ടാണ് നാടകം കളിക്കുന്നത്…’’ എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് ജാന്‍വി പോകുന്നത് കാണാം. വൈറ്റ് ഷര്‍ട്ടും വൈറ്റ് പാന്റ്സും ധരിച്ച് സണ്‍ഗ്ലാസും വച്ച് കൂള്‍ ലുക്കിലാണ് താരം എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ജാന്‍വിയുടെ എയര്‍പോര്‍ട്ട് ലുക്കും തഗ്ഗ് കമന്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.