Hollywood

അവതാറിന്റെ മൂന്നാംഭാഗം 2025 ല്‍ ; നാലാംഭാഗത്തെക്കുറിച്ചും വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ അവതാറിന്റെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റും പുറത്തുവന്നിരിക്കുകയാണ്. അവതാറിന്റെ നാലാം ഭാഗം ഫ്‌ളോറുകളില്‍ എത്തിയതായി സൂചന നല്‍കിയത് നടന്‍ സ്റ്റീഫന്‍ ലാങ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ട സിനിമയുടെ ചിത്രമാണ്.

ഇത്് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രളയമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പീപ്പിള്‍ മാഗസിനോട് സംസാരിക്കവെ, അവതാര്‍ 4-ന്റെ ചില ഭാഗങ്ങള്‍ ഇതിനകം തന്നെ ചിത്രീകരിച്ചതായി വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തിയിരുന്നു. അവതാര്‍ 3 2025 ഡിസംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. അവതാര്‍ 4 2029 ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ജെയിംസ് കാമറൂണിന്റെ അവതാര്‍ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ്. ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രം 2022 ല്‍ പുറത്തിറങ്ങിയിരുന്നു. 2009 ലായിരുന്നു ആദ്യ അവതാര്‍ എത്തിയത്. രണ്ടാമത്തെ ചിത്രത്തിലൂടെ മെറ്റ്കയിന വംശത്തെയും പണ്ടോറയിലെ സമുദ്രത്തിലെ നവി ജനതയെയും 2009 ലെ സിനിമയില്‍ ഒമാറ്റികയയെയും സംവിധായകന്‍ അവതരിപ്പിച്ചു. മൂന്നാം ഭാഗത്ത് ഫയര്‍ കുലത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുമെന്ന് കാമറൂണ്‍ വെളിപ്പെടുത്തി.