സുരക്ഷാസേനയുടെ വലയിലാകുമെന്ന ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ചയുമായി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഒളിവിൽ കഴിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തിരിച്ചറിയപ്പെടാതിരിക്കാൻ തന്റെ ട്രേഡ്മാർക്കായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഇയാൾ, ബുർഖയും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇക്കാര്യം ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ഇതിനോടകം അധികൃതർ പുറത്തുവിട്ടു.
ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കാൻ ഒരു ആത്മീയ ഗുരുവിന്റെ പ്രതിച്ഛായ വളർത്തിയെടുക്കുന്നതാണ് സൈഫുല്ലയുടെ ഏറ്റവും പുതിയ തന്ത്രം. ഇത്തരത്തിൽ ആത്മീയ പുരോഹിതനായി വേഷം കെട്ടി പ്രാദേശിക പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ഇയാൾ ശ്രമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ തിരച്ചിൽ തുടരുകയാണ്.
കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടതും ജനുവരി 19ന് സൈന്യം ഒളിത്താവളം തകർത്തതും സൈഫുല്ലയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കിഷ്ത്വാറിൽ 12,000 അടി ഉയരത്തിൽ കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമിച്ച ഒളിത്താവളമായിരുന്നു ഇത്. ശൈത്യകാലത്തേക്ക് കരുതിവച്ചിരുന്ന റേഷൻ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടതോടെ ഇയാൾ കടുത്ത പ്രതിസന്ധിയിലായി. നിലവിൽ സുരക്ഷിതമായ മറ്റൊരു ഇടത്തേക്ക് മാറാൻ കഴിയാതെ സൈഫുല്ല ഭയന്ന് ഒളിവിലാണെന്നാണ് വിവരം.




