Sports

തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചു.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് നാലിന്‌ 425. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 669.

കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച വാഷിങ്‌ടണ്‍ സുന്ദറും (206 പന്തില്‍ ഒരു സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 101) അഞ്ചാം സെഞ്ചുറിയടിച്ച രവീന്ദ്ര ജഡേജയും (185 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 107) ക്രീസില്‍ നില്‍ക്കേയാാണ്‌ ഇരുടീമുകളും സമനിലയ്‌ക്കു സമ്മതിച്ചത്‌. അഞ്ച്‌ ടെസ്‌റ്റുകളുടെപരമ്പരയില്‍ ഇംഗ്ലണ്ട്‌ 2-1 നു മുന്നിലാണ്‌. നായകന്‍ ശുഭ്‌മന്‍ ഗില്‍ (238 പന്തില്‍ 103), ജഡേജ, സുന്ദര്‍ എന്നിവരുടെ സെഞ്ചുറികളും ഓപ്പണര്‍ ലോകേഷ്‌ രാഹുലിന്റെ പ്രകടനവും (230 പന്തില്‍ 90) ഇന്ത്യക്ക്‌ ജയത്തോളം പോന്ന സമനില നേടിക്കൊടുത്തു.

നാലാം ദിനം ഉജ്വലമായി പ്രതിരോധിച്ച ഗില്ലിനെയും രാഹുലിനെയും അഞ്ചാം ദിനം ഉച്ചയ്‌ക്ക് മുന്‍പ്‌ തന്നെ മടക്കി ഇംഗ്ലണ്ട്‌ കളിയില്‍ മേല്‍ക്കൈ നേടി. ഇന്ത്യ പിന്നീട്‌ ജഡേജയിലൂടെയും സുന്ദറിലൂടെയും ചെറുത്തിനില്‍ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ ലീഡ്‌ നേടിക്കൊടുത്തത്‌. രണ്ടാമിന്നിങ്‌സില്‍ രണ്ടിന്‌ 174 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ രാഹുലിനെയും ഗില്ലിനെയും നഷ്‌ടപ്പെട്ടു. ഇടയ്ക്ക് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയെങ്കിലും, സെഞ്ചറി പൂർത്തിയാക്കിയിട്ടേ മടങ്ങൂ എന്ന് നിലപാടെടുക്കുകയായിരുന്നു ജഡേജയും വാഷിങ്ടൻ സുന്ദറും.

സെഞ്ചുറിയിലേക്കു പോയ രാഹുലാണ്‌ ആദ്യം മടങ്ങിയത്‌. ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് രാഹുലിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ഗില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ജാമി സ്‌മിത്ത്‌ കൈയിലൊതുക്കി. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ നാലിന്‌ 223 റണ്‍സ്‌ എന്ന നിലയിലായിരുന്നു ഇന്ത്യ. ജഡേജയും സുന്ദറും ചേര്‍ന്ന അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 184 പന്തില്‍ നൂറും 280 പന്തില്‍ 150 റണ്ണും കടന്നു.

ജഡേജ 182 പന്തിലും സുന്ദര്‍ 206 പന്തിലുമാണ്‌ സെഞ്ചുറിയടിച്ചത്‌. ഇന്ത്യക്ക്‌ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും (നാല്‌ പന്തില്‍ 0) സായ്‌ സുദര്‍ശനെയും (ഗോള്‍ഡന്‍ ഡെക്ക്‌) നഷ്‌ടപ്പെട്ടിരുന്നു. ക്രിസ്‌ വോക്‌സിന്റെ അടുത്തടുത്ത പന്തുകളിലാണ്‌ ഇരുവരും മടങ്ങിയത്‌. കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യക്ക്‌ രാഹുലിന്റെയും ഗില്ലിന്റെയും ഇന്നിങ്‌സ് ആശ്വാസമായി. ജോ റൂട്ടിന്റെയും (150) നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും (198 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം 141) സെഞ്ചുറികളും ഓപ്പണര്‍മാരായ സാക്ക്‌ ക്രൗളി (84), ബെന്‍ ഡക്കറ്റ്‌ (94), ഒലീ പോപ്പ്‌ (71) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ്‌ ഇംഗ്ലണ്ടിനെ 669 റണ്ണിലെത്തിച്ചത്‌.