Travel

മനുഷ്യബന്ധങ്ങളുടെ വിധി തീരുമാനിക്കാന്‍ 8ലക്ഷം ദൈവങ്ങള്‍ ഒരിടത്ത് ഒത്തുകൂടുന്നു! അറിയാം, ജപ്പാനിലെ പവർ സ്പോട്ട്

പ്രണയം തുറന്നു പറയുന്ന ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. ഇത്തവണത്തെ പ്രണയദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടം തുറന്നു പറയാനായി സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. പുരാതന നഗരമായ ഇസുമോയില്‍ ഒരു ക്ഷേത്രമുണ്ട്. ജാപ്പനീസ് വിശ്വാസമനുസരിച്ച് നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലാത്ത പ്രണയവും പൂവണിയും. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്.

ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ. എഡി 700 കളുടെ ആരംഭത്തില്‍ തന്നെ ഇതുണ്ടായിരുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സ്ഥലമാണ് ഷിമാനെയില്‍. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതാവട്ടെ ജപ്പാന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഇസുമോ നഗരത്തിലാണ്. ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ക്ഷേത്രമാണ് ഇത്.

ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ‘ കാമി’ അല്ലെങ്കില്‍ ‘ ഒകുനിനുഷി നോ ഒകാമി’ ആണ്. ഒകുനിനുഷ് ജപ്പാന്‍ ദേശത്തിന്റെ സ്രഷ്ടാവും ഇസുമോയുടെ ഭരണാധികാരിയുമായിരുന്നു. വിവാഹത്തിന്റെയും പ്രണയബന്ധങ്ങളുടെയും ദേവതയായും അറിയപ്പെടുന്നു. ഇവിടെ വരുന്നവര്‍ രണ്ട് തവണ തങ്ങള്‍ക്ക് വേണ്ടിയും പിന്നീട് രണ്ട് തവണ ആഗ്രഹിച്ച പങ്കാളിയ്ക്കായും കൈകൊട്ടി പ്രാര്‍ത്ഥിക്കുന്നു.

ഒരു രാജ്യത്തെ എല്ലാ ദൈവങ്ങളും ഒരിടത്ത് സമ്മേളിച്ചാല്‍ എങ്ങനെയിരിക്കും? ജപ്പാനില്‍ അങ്ങനെയൊരു സമയമുണ്ട്. ജപ്പാനില്‍ എല്ലാ വര്‍ഷവും നവംബറില്‍ വരുന്ന 10ാം ചാന്ദ്ര മാസത്തിലെ 10 മുതല്‍ 17 വരെയുള്ള തീയതികളില്‍ ദേശമെമ്പാടുമുള്ള ഷിന്റോ ദേവതകളും ആത്മാക്കളും ഇസുമോ തൈഷയില്‍ ഒത്തുകൂടുന്നുവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ദേവന്മാരുടെ ഈ ഏഴ് ദിവസത്തെ ഒത്തുചേരൽ മനോഹരമായ കാഴ്ചയാണ്. അടുത്ത വര്‍ഷത്തില്‍ മനുഷ്യബന്ധങ്ങളുടെ വിധി തീരുമാനിക്കാനാണ് ഇവര്‍ എത്തുന്നത്. അതിനാല്‍ ഈ മാസം ദേവതകളുടെ മാസം എന്ന് അറിയപ്പെടുന്നു. മറ്റെല്ലാ പ്രദേശത്തും കന്നാസുക്കി അല്ലെങ്കില്‍ ദൈവങ്ങളില്ലാത്ത മാസമെന്നും അറിയപ്പെടുന്നു. ആ സമയത്ത് ഇസുമോ തൈഷ ക്ഷേത്രത്തില്‍ ഉത്സവവും നടക്കുന്നു. ഇതിനാല്‍ ഇസുമോ തൈഷ ജപ്പാനിലെ ‘പവർ സ്പോട്ടു’കളിൽ ഒന്നായി അറിയപ്പെടുന്നു.

കടകളും റസ്‌റ്റോറന്റുകളും ഉള്ള ഒരു ഷോപ്പിങ് സ്ട്രീറ്റില്‍ നിന്നാണ് ദേവാലയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത്. ഭീമന്‍ ടോറി ഗേറ്റ് കടന്ന് വേണം അവിടെ ചെല്ലാനായി.പരമ്പാരകത ജാപ്പനീസ് ഗേറ്റാണ് ടോറി. ഇത്തരത്തിലുള്ള കവാടങ്ങള്‍ ദൈവങ്ങളെ സ്വാഗതം ചെയ്യാനായി നിര്‍മിച്ചവയാണ്.

ഇവിടെ നിന്നും മുന്നോട്ട് പോകുമ്പോള്‍ മൂന്ന് പാതകള്‍ മുന്നിലുണ്ടാകും നടുവിലുള്ള പാത ദേവന്മാര്‍ക്കായി നീക്കിവച്ചവയാണ്. വെങ്കല ടോറി ഗേറ്റാണ് ആരാധനാലയത്തിലേക്കുള്ള പ്രവേശന കവാടം. ഇവിടെ ഒരു ആരാധനാ ഹാളുണ്ട്. ആരാധനാ ഹാളിന് പിന്നിലായി 24 മീറ്റര്‍ ഉയരമുള്ള മെയിന്‍ ഹാള്‍ അല്ലെങ്കില്‍ ഹോണ്ടനുണ്ട്. ജപ്പാനിലെ ഉയരം കൂടിയ ആരാധനാലയ കെട്ടിടമാണ്. സാധാരണ ആളുകള്‍ക്ക് പ്രവേശിക്കാനാവാത്ത ശ്രീകോവിലുകളുമുണ്ട് ഇവിടെ.

ദേവാലയ ഹാളിന്റെ തെക്കുകിഴക്കേ മൂലയിലായി ഒരു ട്രഷർ ഹാൾ അല്ലെങ്കിൽ നിധി ഹാളുണ്ട്. അതിലാവട്ടെ പെയിന്റിങ്ങുകള്‍ രേഖകള്‍ ആഡംബരമായി അലങ്കരിച്ച പാത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഷിമാനെ മ്യൂസിയവും ഇവിടെയുണ്ട്.

2023ല്‍ 7 ദശലക്ഷത്തിലധികം ആളുകള്‍ ഈ ദേവാലയം സന്ദര്‍ശിച്ചതായി ഇസുമോ സിറ്റി പറയുന്നു.അതില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. 24 മണിക്കൂറും ഈ ദേവാലയം സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്.എന്നാല്‍ ട്രഷര്‍ ഹാള്‍ സന്ദര്‍ശിക്കാനായി 300 യെന്‍ നല്‍കണം.രാവിടെ 8.30 മുതള്‍ വൈകിട്ട് 4. 30 വരെ മാത്രമാണ് അവിടേക്ക് പ്രവേശനം ലഭിക്കൂ.