Sports

പന്തില്‍ നോക്കാതെ വലകുലുക്കും ! യൂറോപ്പിലെ ഏറ്റവും മികച്ച പെനാല്‍റ്റി സ്‌കോറര്‍ ആരാണ്?

യൂറോപ്യന്‍ കപ്പ് കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ ഇംഗ്‌ളണ്ടിന്റ ഇവാന്‍ ടോണിക്ക് തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. ഫുട്‌ബോളിലെ ഏറ്റവും മികച്ച പെനാല്‍റ്റി ടേക്കര്‍ എന്ന നിലയിലാണ് ഇവാന്‍ ടോണി ശ്രദ്ധേയനാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവാന്‍ ടോണി നേടിയ നോ-ലുക്ക് പെനാല്‍റ്റി ആരാധകരെ ഞെട്ടിച്ചിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ട് നല്‍കുന്ന കടുത്ത സമ്മര്‍ദത്തിന്റെ അന്തരീക്ഷത്തില്‍, ടോണി ജാന്‍ സോമറിനെ നോക്കിക്കൊണ്ട് പന്ത് താഴെയുള്ള മൂലയിലേക്ക് അടിച്ചു. ”ഞാന്‍ ഒരിക്കലും പന്തിലേക്ക് നോക്കാറില്ല. ആളുകള്‍ക്ക് ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, പക്ഷേ ഇത് എന്റെ ദിനചര്യയാണ്.” പെനാല്‍റ്റിയിലെ തന്റെ നോ-ലുക്ക് സമീപനം വിശദീകരിച്ചുകൊണ്ട് മുന്‍ ന്യൂകാസില്‍ നോര്‍ത്താംപ്ടണ്‍ സ്ട്രൈക്കര്‍ പറഞ്ഞു.

ഇവാന്‍ ടോണിയുടെ കരിയറിലെ പെനാല്‍റ്റി റെക്കോര്‍ഡ് 93 ശതമാനമാണ്. 30 ഗോളുകള്‍ പെനാല്‍റ്റിയിലൂടെ സ്‌കോര്‍ ചെയ്ത ടോണിക്ക് പിഴച്ചിട്ടുള്ളത് വെറും രണ്ടു പെനാല്‍റ്റി മാത്രമാണ്.

വിജയശതമാനം മാത്രമല്ല പെനാല്‍റ്റി എടുക്കുമ്പോള്‍ പരമ്പരാഗതമായ ബ്രെന്റ്ഫോര്‍ഡ് സ്ട്രൈക്കര്‍ രീതിയില്‍നിന്ന് വ്യത്യസ്തമായി ചെറിയ റണ്‍-അപ്പ് കൊണ്ടാണ് ​ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നത്. ഏറ്റവും മികച്ച പെനാല്‍റ്റി എടുക്കുന്നവരില്‍ ടോണി രണ്ടാം സ്ഥാനത്താണ്, ഇംഗ്ലണ്ട് സഹതാരം കോള്‍ പാമറാണ് ഒന്നാമത്.