Good News

ജയിലില്‍ തടവുകാര്‍ക്ക് ‘സെക്സ് റൂം’; പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് കിടക്കയും ശുചിമുറിയുമുള്ള മുറി

ജയില്‍ തടവുപുള്ളികള്‍ക്കായി സെക്സ് റൂം ആരംഭിച്ച് ഇറ്റലി. ഇറ്റലിയിലെ ഉംബ്രിയയിലെ ടെർണിയിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വനിതാ പങ്കാളിയുമായി സ്വകാര്യ സന്ദര്‍ശനം അനുവദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുതല്‍ ആദ്യമായി ഈ സംവിധാനം തുടങ്ങിയത്. തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കുള്ള അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് പുതിയ സൗകര്യം ഇറ്റലി അനുവദിച്ചത്.

സംഭവത്തിലെ ആളുകളുടെ സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് ഉംബ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതല്‍ സന്ദര്‍ശനങ്ങളുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎന്‍എസ്എയോട് പറഞ്ഞു.

2024 ജനുവരിയിലാണ് തടവുകാര്‍ക്ക് ഭാര്യയുമായോ ദീര്‍ഘകാല പങ്കാളികളുമായോ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവകാശമുണ്ടെന്ന് കോടതി വിധി വന്നത്. കൂടിക്കാഴ്ച ജയിൽ ഗാർഡുകളുടെ നിരീക്ഷണില്ലാതെ ഒരുക്കണമെന്നും വിധിയിലുണ്ട്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, നെതർലാൻഡ്‌സ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഭൂരിഭാഗവും ഇത്തരം സന്ദർശനങ്ങൾ അനുവദനീയമാണെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.

കിടക്കയും ശുചിമുറിയുമുള്ള ഒരു മുറിയില്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് തടവുകാര്‍ക്ക് പങ്കാളിയുമായി സ്വകാര്യ കൂടിക്കാഴ്ച അനുവദിക്കാം എന്നാണ് കോടതി കഴിഞ്ഞാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ആവശ്യമെങ്കില്‍ ജയില്‍ ഗാര്‍ഡുമാര്‍ക്ക് ഇടപെടാനായി വാതില്‍ തുറന്നിടണമെന്നും നിര്‍ദ്ദേശമുണ്ട്.

യൂറോപ്പിലെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് ഇറ്റലിയിലേത്. രാജ്യത്ത് 62,000-ത്തിലധികം തടവുകാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് പരമാവധി ശേഷിയേക്കാൾ 21 ശതമാനം കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *