ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്.
തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി പങ്കുവച്ചിട്ടുണ്ട്. ഞങ്ങള്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ഏകദേശം 6.30 ന് സൈറണ്‍ കേട്ടപ്പോള്‍ സേഫ്റ്റി റൂമിലേയ്ക്ക് ഓടി. സൈറണ്‍ നിലയ്ക്കുന്നുണ്ടായിരുന്നില്ല. താമസിയാതെ റാഹേലിന്റെ മകളില്‍ നിന്ന് ഒരു കോള്‍ വന്നു.
വാതിലടച്ച് അകത്തു നില്‍ക്കാന്‍ അവര്‍ പറഞ്ഞു.ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ ഭീകരര്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറുന്നതും വെടിയുതിര്‍ക്കുന്നതും ചില്ലുകള്‍ തകരുന്നതുമായ ശബ്ദം ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. എന്ത് ചെയ്യണമെന്ന് ചോദിച്ചു. അവള്‍ തങ്ങളോട് വാതിലില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.
രാവിലെ 7.30 ഓടെ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. അവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ വാതിലിന് കുറുകെ പിടിച്ചു നിന്നു. അവര്‍ വാതിലില്‍ ഇടിക്കുകയും പിന്നീട് വെടിയുതിര്‍ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെ വീണ്ടും വെടിയൊച്ച കേട്ടു. തുടര്‍ന്ന് ഇസ്രയേലി സൈന്യം അവരുടെ രക്ഷയ്ക്ക് എത്തി. ഞങ്ങള്‍ക്ക് ഒന്നും ബാക്കിയില്ല.
മീരയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ അവര്‍ പൂര്‍ണമായും കൊള്ളയടിച്ചു. അതിര്‍ത്തിയില്‍ താമസിക്കുന്നതിനാല്‍ രേഖകള്‍ക്കൊപ്പം ഒരു എമര്‍ജന്‍സി ബാഗും കരുതിയിരുന്നു പക്ഷേ അതും കൊള്ളയടിച്ചു. മിസൈല്‍ വീഴുമെന്ന് അറിയാമായിരുന്നതിനാല്‍ ഏമര്‍ജന്‍സി ബാഗ് എടുത്ത് സേഫ്റ്റി റൂമില്‍ സൂക്ഷിക്കുമായിരുന്നു. എന്നാല്‍ അന്ന് ഒന്നിനും സമയം ലഭിച്ചില്ല എന്ന് അവര്‍ പറയുന്നു.