Health

നോണ്‍സ്റ്റിക് പാത്രത്തിലെ പാചകം ആരോഗ്യകരമല്ലേ? ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബംതന്നെ രോഗികളാകാം

പാചകത്തെ സ്‌നേഹിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇന്ന് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിച്ചു കൂടാനാവില്ല. എണ്ണ ഇല്ലാതെയോ എണ്ണ കുറച്ച് ഉപയോഗിച്ചോ പാചകം ചെയ്യാമെന്നതാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ പ്രിയങ്കരമാകാന്‍ കാരണം. എണ്ണ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. അതിനാല്‍ ആധുനിക പാചകത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ചീനച്ചട്ടിയായും തവയായും കലമായും ഒന്നിലധികം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ഇവയുടെ വിവിധതരം ശ്രേണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

വില്ലന്‍ പരിവേഷം

ഭക്ഷണം ഒട്ടിപിടിക്കില്ല, വൃത്തിയാക്കാന്‍ എളുപ്പം, വേഗത്തിലുള്ള പാചകം എന്നിങ്ങനെ നോണ്‍സ്റ്റിക് പാത്രത്തെ ഇഷ്ടപ്പെടാന്‍ വീട്ടമ്മമാര്‍ക്ക് നൂറ് നൂറ് കാരണങ്ങളുണ്ട്. എന്നാല്‍ അടുക്കളയിലെ ഉത്തമ സുഹൃത്തായ നോണ്‍സ്റ്റിക് പാത്രത്തിന്റെ നിത്യേനയുള്ള ഉപയോഗം ഇതിന് വില്ലന്‍ പരിവേഷം നല്‍കിയാലോ? വിശ്വസിക്കുക പ്രയാസം. നോണ്‍സ്റ്റിക് പാത്രങ്ങള്‍ പതിവായി ഉപയോഗിക്കുന്നതുവഴി ഒരു കുടുംബംതന്നെ രോഗികളായേക്കാമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയുടെ അശാസ്ത്രീയമായ ഉപയോഗം കാന്‍സറിനുവരെ കാരണമാകാമെന്ന് തെളിഞ്ഞിട്ടുണ്ട്.

പാകം ചെയ്യുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ലോഹം കൊണ്ടാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പോളിടെട്രാ ഫ്‌ളൂറോ എത്തിലിന്‍ എന്ന പദാര്‍ഥമാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലം മിനുസമാക്കി തീര്‍ക്കുന്നത്. മിക്ക പാത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ഇത് ഉപയോഗിച്ചാണ്. ഇത് ശരീരത്തെത്തിയാല്‍ അപകടകാരിയായി മാറുന്നു. പാകം ചെയ്യുമ്പോള്‍ പാത്രത്തില്‍നിന്നു വരുന്ന പുക ശ്വസിക്കുന്നതുപോലും ആരോഗ്യത്തിന് ഉത്തമമല്ല. അതിനാല്‍ നോണ്‍സ്റ്റിക് പാത്രത്തില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കൂടിയ തീയില്‍ അധിക സമയം വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അറിയാന്‍

വീട്ടമ്മമാരുടെ അടുത്ത സുഹൃത്തായ ഈ ടെഫ്‌ലോണ്‍ കോട്ടിംഗ് പാത്രങ്ങളുടെ ഗുണങ്ങള്‍ കണ്ടില്ലെന്നു വയ്ക്കാനുമാവില്ല. അതിനാല്‍ ഇവയെ അടുക്കളയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാനുമാവില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ അടുക്കളയിലെ മിത്രമായ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

1. ഉയര്‍ന്ന തീയില്‍ എണ്ണയില്ലാതെ പാത്രം അടുപ്പില്‍ വയ്ക്കരുത്. ആവശ്യത്തിന് എണ്ണ ഒഴിക്കുകയോ അല്ലെങ്കില്‍ ചെറിയ തീയില്‍ പാത്രം അടുപ്പില്‍ വയ്ക്കുകയോ ചെയ്യുക.

2. പാത്രത്തില്‍ എണ്ണ ഒഴിച്ചാലും പുകയാതിരിക്കാന്‍ ശ്രദ്ധിക്കണം. ടെഫ്‌ലോണ്‍ കോട്ടിംഗിന് വിള്ളല്‍ വീഴാനും അതുവഴി വിഷകരമായ പുക പുറത്തേക്ക് വമിക്കാനും ഇത് കാരണമാകാം.

3. പാകം ചെയ്യുമ്പോള്‍ ചൂട് 450 ഡിഗ്രിയ്ക്കു മുകളില്‍ പോകരുത്.

4. ഇരുമ്പ്, സ്റ്റീല്‍ ഇവ കൊണ്ടുള്ള തവിയ്ക്കു പകരം തടികൊണ്ടോ ഫൈബര്‍കൊണ്ടോ ഉള്ള തവി വേണം ഉപയോഗിക്കാന്‍.

5. നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മൃദുലമായ തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിക്കുക. ചകിരി, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

6. പാത്രങ്ങള്‍ അടുക്കി വയ്ക്കുമ്പോള്‍ ഒന്നിനു മുകളില്‍ ഒന്നായി വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

7. നോണ്‍ സ്റ്റിക് പാത്രത്തിനുപകരം ഇടയ്ക്കു മണ്‍പാത്രങ്ങള്‍, അലൂമിനിയം പാത്രങ്ങള്‍, ഇരുമ്പു ചട്ടികള്‍, സ്റ്റീല്‍ പാത്രങ്ങള്‍, മൈക്രോ വേവ് പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

8. വിലക്കുറവ് നോക്കി പാത്രം വാങ്ങാതെ ഗുണനിലവാരമുള്ള കമ്പിനികളുടെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ തിരഞ്ഞെടുക്കുക.