മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു.
ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.
മൊബൈല്‍ ഫോൺ , ലാപ്‌ടോപ്പ് എന്നിങ്ങനെയുള്ള ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് അധിക നേരം നോക്കിയിരിക്കുന്നത് കഴുത്തിന് സമ്മര്‍ദവും അസ്വസ്ഥതയും വരുത്തുന്നു. ഇതിനെയാണ് ടെക്‌സ്റ്റ് നെക്ക് എന്ന് വിളിക്കുന്നത്. ഒരുപാട് നേരം മുന്നോട്ട് കുനിഞ്ഞിരിക്കുന്നതിലൂടെയാണ് ഇത് ഉണ്ടാകുന്നത്. തല കുനിച്ച് ടെക്‌സ്റ്റ് ചെയ്യുക ഗെയിമിങ് തുടങ്ങിയ കാര്യങ്ങള്‍ കഴുത്തിന്റെ ആരോഗ്യത്തിനെ ബാധിക്കുന്നു.
ഉദാഹരണത്തിന് തല ശരിയായ പോസ്ചറില്‍ ആണെങ്കില്‍ നട്ടെല്ലിലുണ്ടാകുന്ന സമ്മര്‍ദം 5 കിലോ ആയിരിക്കും. എന്നാല്‍ തല ഒരോ ഡിഗ്രി മുന്നോട്ട് ആയുമ്പോഴും സമ്മര്‍ദം കൂടുന്നു. 60 ഡിഗ്രി ചരിവില്‍ കുട്ടികള്‍ ഇരിക്കുമ്പോള്‍ ഇത് 27 കിലോ ആവും. ഇത്രയും ഭാരം ഒരു കൗമാരക്കാരന്റെ കഴുത്തിന് അനുഭവപ്പെട്ടാല്‍ അത് സെര്‍വിക്കല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. തോളുകള്‍ക്ക് കനം, നടുവേദന, ഡിസ്‌ക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ഇതുമൂലം നട്ടെല്ലിന് ദീര്‍ഘകാലത്തേക്ക് പല ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.